#Top Four

ന്യൂസ് ക്ലിക്ക് സ്ഥാപകനും എച്ച് ആറും 7 ദിവസം പോലീസ് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബിര്‍ പുര്‍കയസ്ഥ, സ്ഥാപനത്തിലെ നിക്ഷേപകനും എച്ച്ആര്‍ മേധാവിയുമായ അമിത് ചക്രവര്‍ത്തി എന്നിവരെ 7 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കി. ഇന്ത്യയില്‍ ചൈനീസ് അനുകൂല വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിലാണ് ഓണ്‍ലൈന്‍ മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്ക് അന്വേഷണം നേരിടുന്നത്. കഴിഞ്ഞ ദിവസം ഇരുവരെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ന്യൂസ് ക്ലിക്ക് ഓഫീസിലും ഓഫീസുമായി സഹകരിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ വസതികളിലും നടത്തിയ റെയ്ഡിനു പിന്നാലെയായിരുന്നു ഇരുവരെയും അറസ്റ്റ് ചെയ്തത്.

ചൈനീസ് സര്‍ക്കാരുമായി അടുത്ത ബന്ധമുള്ള അമേരിക്കന്‍ ശതകോടീശ്വരന്‍ നെവില്‍ റോയ് സംഘം ന്യൂസ് ക്ലിക്കിന് പണം നല്‍കിയെന്ന് ന്യൂയോര്‍ക്ക് ടൈംസില്‍ വാര്‍ത്ത വന്നിരുന്നു. ഇതിന് പിന്നാലെ ഓഗസ്റ്റ് 17ന് യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്‍ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ന്യൂസ് ക്ലിക്ക് ഓഫീസില്‍ പരിശോധന നടത്തിയത്. 2021 സെപ്റ്റംബറില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ ന്യൂസ് ക്ലിക്ക് ഓഫീസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് ചെയ്തിരുന്നു. ചൈനീസ് അനുകൂല വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

ഇന്നലെ പുലര്‍ച്ചെ 6 മണി മുതല്‍ 46 കേന്ദ്രങ്ങളില്‍ നടന്ന പരിശോധനയില്‍ മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് ഉള്‍പ്പെടെയുള്ളവ പിടിച്ചെടുത്തിട്ടുണ്ട്. ന്യൂസ് ക്ലിക്ക് ഓഫീസ് സീല്‍ ചെയ്തു. കൂടാതെ മാധ്യമപ്രവര്‍ത്തകരായ ഉര്‍മിലേഷ്, പരഞ്‌ജോയ് ഗുഹ താക്കുര്‍ത്ത, അബിസാര്‍ ശര്‍മ, ഔനിന്ദ്യോ ചക്രവര്‍ത്തി, ചരിത്രകാരനും എഴുത്തുകാരനുമായ സൊഹൈല്‍ ഹാഷ്മി തുടങ്ങിയവരെ പോലീസ് സ്‌പെഷല്‍ സെല്‍ ഓഫിസില്‍ വെച്ച് ചോദ്യംചെയ്ത ശേഷം വിട്ടയച്ചിരുന്നു.

Alsp Read; ഡല്‍ഹി മദ്യനയക്കേസ്: രാജ്യസഭാ എം പിയുടെ വീട്ടില്‍ റെയ്ഡ്, രാഷ്ട്രീയപ്രേരിതമെന്ന് ആം ആദ്മി

Leave a comment

Your email address will not be published. Required fields are marked *