ശിക്ഷാവിധി സ്റ്റേ ചെയ്തില്ല; ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ വീണ്ടും അയോഗ്യനാക്കി
ന്യൂഡല്‍ഹി: ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ പാര്‍ലമെന്റംഗത്വത്തില്‍ നിന്ന് വീണ്ടും അയോഗ്യനാക്കി. ലോക്‌സഭാ സെക്രട്ടറിയേറ്റാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. അദ്ദേഹത്തിന് എതിരെയുള്ള വധശ്രമക്കേസില്‍ കുറ്റക്കാരനെന്നുള്ള വിധി കേരള ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നില്ല. ഇതേ തുടര്‍ന്നാണ് ലോക്‌സഭാംഗത്വം റദ്ദാക്കിയത്. ഇത് രണ്ടാം തവണയാണ് മുഹമ്മദ് ഫൈസലിനെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നത്. 2014 മുതല്‍ ലക്ഷദ്വീപ് എം പിയാണ് മുഹമ്മദ് ഫൈസല്‍.
വധശ്രമക്കേസില്‍ കവരത്തി കോടതി ശിക്ഷ വിധിച്ചതോടെയായിരുന്നു ആദ്യം അയോഗ്യനാക്കിയത്. സുപ്രീംകോടതിയെ സമീപിച്ച് ശിക്ഷാ വിധിക്ക് സ്റ്റേ നേടിയിരുന്നു. ഇതിന് ശേഷമാണ് എം പി സ്ഥാനം പുനസ്ഥാപിക്കപ്പെട്ടത്.
2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ മുന്‍ കേന്ദ്രമന്ത്രി പി എം സയീദിന്റെ മരുമകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ മുഹമ്മദ് സാലിഹിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കവരത്തി ജില്ലാ സെഷന്‍സ് കോടതി പത്ത് വര്‍ഷം തടവ് ശിക്ഷ വിധിച്ചതാണ് എന്‍ സി പി നേതാവായ മുഹമ്മദ് ഫൈസലിന്റെ അയോഗ്യതക്കും ലോക്‌സഭാംഗത്വം റദ്ദ് ചെയ്യപ്പെടുന്നതിലും കലാശിച്ചത്.