വന്ദേഭാരതിന് സമാനമായി നോണ്‍ എസി ട്രെയിനുകള്‍ വരുന്നു
വന്ദേ ഭാരത്തിന് സമാനമായ ട്രെയിന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. നോണ്‍ എസി സ്ലീപ്പര്‍ കോച്ചുകള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ട്രെയിന്‍ ഒരുക്കുന്നത്. നിലവില്‍ നിര്‍മ്മാണം പൂര്‍ത്തിയായ നോണ്‍ എ.സി ട്രെയിന്‍ ഈ മാസം അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതോടെ വന്ദേ ഭാരത്തിന് സമാനമായ യാത്ര സാധാരണക്കാര്‍ക്ക് ചുരുങ്ങിയ ചിലവില്‍ സാധ്യമാകുമെന്ന് ചെന്നൈ ഐസിഎഫ് ജനറല്‍ മാനേജര്‍ ബി.ജി മല്ലയ്യ സ്വകാര്യ ചാനലിനോട് പറഞ്ഞു.
അടുത്തിടെ റെയില്‍വേ അവതരിപ്പിച്ച വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് രാജ്യവ്യാപകമായി വലിയ സ്വീകാര്യതയാണ് ലഭിച്ചതെങ്കിലും സാധാരണക്കാര്‍ക്ക് പര്യാപ്തമായ ടിക്കറ്റ് നിരക്കല്ല. ഈ ഒരു സാഹചര്യത്തിലാണ് വന്ദേ ഭാരത്തിന് സമാനമായി നോണ്‍ എ.സി ട്രെയിനുകള്‍ റെയില്‍വേ ഒരുക്കിയിരിക്കുന്നത്.
ട്രെയിനിന്റെ മുമ്പിലും പിന്നിലുമായി വന്ദേ ഭാരത്തിന് സമാന പുഷ്പുള്‍ എന്‍ജിനുകളാണ് ട്രെയിന് ശക്തി പകരുക. 22 റേക്ക് ഉള്ള പുതിയ ട്രെയിന്‍ ഓറഞ്ച്, ഗ്രേ നിറത്തിലായിരിക്കും. ഇതില്‍ എട്ട് നോണ്‍ എ.സി കമ്പാര്‍ട്ട്‌മെന്റുകളാണ് ഉണ്ടാവുക. ലേഡീസ് കമ്പാര്‍ട്ട്‌മെന്റ്, ലഗേജ് കമ്പാര്‍ട്ട്‌മെന്റ് ഉള്‍പ്പെടെ മറ്റുള്ളവ എ.സി ആയിരിക്കും.
Also Read;നാല് ദേശീയപാതാ പദ്ധതികള്‍ ഒരുങ്ങുന്നു.
130 കിലോമീറ്റര്‍ ആണ് ട്രെയിന്റെ പരമാവധി വേഗം. ട്രെയിനില്‍ 1834 പേര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഉണ്ടാകുക. കൂടാതെ കേന്ദ്രസര്‍ക്കാര്‍ പുതിയ പേര് നല്‍കിയ ശേഷം നിലവില്‍ നോണ്‍ എ സി പുഷ്പുള്‍ എന്ന് പേരിട്ടിരിക്കുന്ന ട്രെയിന്‍ ഈ മാസം അവസാനത്തോടെ പുറത്തിറക്കുമെന്നും ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി ജനറല്‍ മാനേജര്‍ ബി.ജി മല്ലയ്യ സ്വകാര്യ ചാനലിലോട് പ്രതികരിച്ചു.