ഒരുവാചകം അടര്‍ത്തിയെടുത്ത് അനാവശ്യം പറയുന്നു; ലീഗ് വേദിയിലെ പ്രസംഗത്തില്‍ വിശദീകരണവുമായി തരൂര്‍
കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോഴിക്കോട് സംഘടിപ്പിച്ച മനുഷ്യാവകാശ റാലിക്കിടെ ഇസ്രായേല്‍ അനുകൂല പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി.
ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ നടന്നതും ഭീകരാക്രമണമാണെന്ന് തരൂര്‍ പറഞ്ഞതാണ് വിവാദമായത്. ‘താന്‍ എന്നും ഫലസ്തീന്‍ ജനതയ്ക്കൊപ്പമാണ്. ഇസ്രായേലിന് അനുകൂലമായ പ്രസംഗമാണ് താന്‍ നടത്തിയതെന്ന് അത് കേട്ടവരാരും വിശ്വസിക്കില്ല. അതില്‍ നിന്നും ഒരു വാചകം അടര്‍ത്തിയെടുത്ത് അനാവശ്യം പറയുന്നതിനെ കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും’ തരൂര്‍ വ്യക്തമാക്കി.
‘ഒക്ടോബര്‍ ഏഴിന് ഭീകരവാദികള്‍ ഇസ്രeയേലിനെ ആക്രമിച്ചു. 1400 വ്യക്തികളെ കൊന്നു. 200 പേരെ ബന്ദികളാക്കി. പക്ഷേ അതിന് മറുപടിയായി ഇസ്രായേല്‍ ഗാസയില്‍ ബോംബ് വര്‍ഷിച്ച് ആറായിരം പേരെയാണ് കൊലപ്പെടുത്തിയത്. ബോംബിങ് ഇതുവരെ നിര്‍ത്തിയിട്ടില്ല. ഗാസയിലേക്കുള്ള ഭക്ഷണവും വെള്ളവും ഇന്ധനം നിര്‍ത്തി. സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം നിരപരാധികളായ നിരവധി ആളുകള്‍ കൊല്ലപ്പെട്ടു. യുദ്ധത്തിനും ചില മര്യാദകളുണ്ട്” എന്നായിരുന്നു തരൂര്‍ പ്രസംഗത്തിനിടയില്‍ പറഞ്ഞത്
Also Read; ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം: പ്രതി മറ്റൊരാളെന്ന് അസഫാക്ക് ആലം
പിന്നീട് സംസാരിച്ച അബ്ദുസ്സമദ് സമദാനി എം.പി.യും ഡോ. എം.കെ. മുനീര്‍ എം.എല്‍.എ.യും വേദിയില്‍ വെച്ച് തന്നെ തരൂരിനെ തിരുത്തിയിരുന്നു. പ്രതിരോധം ഭീകരവാദമല്ലെന്ന് മുനീറും അധിനിവേശത്തിനെതിരായ സ്വാതന്ത്ര്യസമരമാണ് ഫലസ്തീനികള്‍ നടത്തുന്നതെന്ന് സമദാനിയും പറയുകയുണ്ടായി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ