അധ്യാപികയായ യുവതിയും മകളും മരിച്ച സംഭവം; ആത്മഹത്യാ പ്രേരണാ കുറ്റത്തിന് യുവാവ് അറസ്റ്റില്‍
പൊയിനാച്ചി: അധ്യാപികയായ യുവതിയെയും മകളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റത്തിനും തെളിവ് നശിപ്പിച്ചതിനും സുഹൃത്തും അധ്യാപകനുമായ യുവാവ് അറസ്റ്റില്‍. മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ടി ഉത്തംദാസും സംഘവുമാണ് ബാര എരോല്‍ ജുമാ-മസ്ജിദിന് സമീപത്തെ സഫ്വാന്‍ ആദൂരിനെ (29) അറസ്റ്റുചെയ്തത്.
കഴിഞ്ഞ സെപ്റ്റംബര്‍ 15-നാണ് കളനാട് അരമങ്ങാനത്തെ യുവതിയുടെയും അഞ്ച് വയസ്സുള്ള മകളുടേയും മൃതദേഹം വീടിനുസമീപത്തെ കിണറ്റില്‍ കണ്ടെത്തിയത്. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തില്‍ മുങ്ങിമരണമാണെന്ന് വ്യക്തമായിരുന്നു. എന്നാല്‍ യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ മൊഴിയിലാണ് അന്വേഷണം സഫ്വാനിലേക്കെത്തിയത്.
സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട സഫ്വാനുമായി യുവതി ഒന്‍പതുവര്‍ഷമായി സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഇരുവരുടേയും മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചപ്പോള്‍ ചാറ്റ് ഹിസ്റ്ററി നശിപ്പിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. സഫ്വാന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് വഴക്കുണ്ടായിരുന്നുവെന്നും സഫ്‌വാന്റെ വിവാഹത്തിന് തൊട്ടുമുന്‍പാണ് ആത്മഹത്യയെന്നും പോലീസ് കണ്ടെത്തുകയായിരുന്നു.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
യുവതിയെ കാണാതായ വിവരമറിഞ്ഞയുടന്‍ തന്നെ അരമങ്ങാനത്തെ വീട്ടിലെത്തിയ സഫ്വാന്‍ ബന്ധുക്കളുമായുള്ള പരിചയം മുതലെടുത്ത് തന്ത്രപൂര്‍വം യുവതിയുടെ ഫോണ്‍ കൈക്കലാക്കി ചാറ്റ് ഹിസ്റ്ററിയും ഫോട്ടോകളും നശിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന സൂചന.
കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയശേഷം ബുധനാഴ്ച മൊഴിയെടുക്കുന്നതിന് മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച സഫ്വാനെ ചോദ്യം ചെയ്തശേഷം അറസ്റ്റുചെയ്യുകയായിരുന്നു. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്ത് കാഞ്ഞങ്ങാട് സബ് ജയിലിലടച്ചു.