നവകേരള സദസിന്റെ വിളംബര ജാഥയില്‍ പങ്കെടുത്തില്ല; അംഗന്‍വാടി ജീവനക്കാരോട് വിശദീകരണം ചോദിച്ചതായി പരാതി
മലപ്പുറം: നവകേരള സദസിന്റെ വിളംബര ജാഥയില്‍ പങ്കെടുക്കാത്തതിന് അംഗന്‍വാടി ജീവനക്കാരോട് വിശദീകരണം ചോദിച്ചതായി പരാതി. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ മലപ്പുറം പൊന്മള ഗ്രാമപഞ്ചായത്തിലെ അംഗന്‍വാടി ജീവനക്കാരോടാണ് വിശദീകരണം തേടിയത്.
ഇന്നലെ വൈകിട്ട് നാല് മണിക്കായിരുന്നു പൊന്മള പഞ്ചായത്തില്‍ നവകേരള സദസുമായി ബന്ധപ്പെട്ട വിളംബര ജാഥ സംഘടിപ്പിച്ചത്. അംഗന്‍വാടി ജീവനക്കാരോട് ജാഥയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന നിര്‍ദേശം നേരത്തെ തന്നെ നല്‍കിയിരുന്നു.
എന്നാല്‍ ചില ജീവനക്കാര്‍ ജാഥയില്‍ പങ്കെടുത്തില്ല. ജാഥയില്‍ പങ്കെടുക്കാതെ വീട്ടിലേയ്ക്ക് പോയവര്‍ വ്യക്തമായ കാരണം എഴുതി നല്‍കണമെന്നാണ് സൂപ്പര്‍വൈസര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജീവനക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്കാണ് സൂപ്പര്‍വൈസറുടെ സന്ദേശമെത്തിയത്. നവകേരള സദസുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ കത്തിനില്‍ക്കവേയാണ് പുതിയ പരാതി ഉയരുന്നത്.
Also Read; കുസാറ്റില്‍ സംഗീത നിശക്ക് അനുമതി തേടിയില്ലെന്ന് ഡിസിപി; വാക്കാല്‍ അറിയിച്ചിരുന്നെന്ന് വിസി





Malayalam 


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































