January 22, 2025
#Sports #Top Four

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ കുറച്ച് പേര്‍ക്ക് മാത്രം ശമ്പളം; ജീവനക്കാര്‍ പ്രതിസന്ധിയില്‍

തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ശമ്പള പ്രതിസന്ധി തുടരുന്നു. രണ്ടുമാസത്തെ ശമ്പളം കുടിശികയായ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ചിലര്‍ക്ക് മാത്രം ഒരു മാസത്തെ ശമ്പളം ലഭിച്ചപ്പോള്‍ ദിവസവേതനക്കാരും കരാര്‍ തൊഴിലാളികളും പെന്‍ഷന്‍കാരും ഉള്‍പ്പടെ ഭൂരിപക്ഷം ആളുകളും പട്ടിണിയുടെ വക്കിലാണ്. സ്ഥിരജീവനക്കാര്‍ക്കും സ്ഥിരം ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിതരായവര്‍ക്കും മാത്രമാണ് ജനുവരി മാസത്തെ ശമ്പളം കഴിഞ്ഞ ദിവസം നല്‍കിയത്. അതേസമയം അമ്പതോളം കരാര്‍ പരിശീലകരും സ്റ്റേഡിയങ്ങളിലെ ജീവനക്കാരും സുരക്ഷാ ഭടന്മാരുമെല്ലാം രണ്ടരമാസമായി ശമ്പള പ്രതിസന്ധിയിലാണ്. അതിനാല്‍ തുച്ഛവരുമാനക്കാരായ പലരും വീട്ടുചെലവുകള്‍ക്ക് പോലും നിവര്‍ത്തിയില്ലാതെ കഷ്ടപ്പെടുകയാണ്. പെന്‍ഷന്‍കാരുടെ അവസ്ഥ അതിലും കഷ്ടമാണെന്ന് കഴിഞ്ഞ ദിവസം കേരളത്തിന്റെ സന്തോഷ് ട്രോഫി പരിശീലകന്‍ സതീവന്‍ ബാലന്‍ ഉള്‍പ്പടെയുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Also Read; പത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും ബി ജെ പിയിലേക്ക്, മുന്‍ കോണ്‍ഗ്രസ് മന്ത്രിയെ കൊല്ലത്ത് സ്ഥാനാര്‍ഥിയാക്കാനും നീക്കം

കൗണ്‍സില്‍ ഭരണസമിതിയുടെ കെടുകാര്യസ്ഥതയും ബജറ്റ് വിഹിതത്തില്‍ വര്‍ദ്ധന ഉണ്ടാകാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. പ്‌ളാന്‍, നോണ്‍ പ്‌ളാന്‍ ഫണ്ടിലെ തുക കൃത്യമായി വേര്‍തിരിച്ച് അക്കൗണ്ടുകളിലേക്ക് മാറ്റാത്തതാണ് ജനുവരിയിലെ ശമ്പളം മുടങ്ങാന്‍ കാരണമായത്. കൗണ്‍സില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച ചൂണ്ടിക്കാട്ടി ശമ്പളത്തുക നല്‍കാന്‍ ധനകാര്യവകുപ്പ് തയ്യാറായതുമില്ല. ഇത് പരിഹരിച്ചുവന്നപ്പോഴേക്കും ശമ്പളം നല്‍കാന്‍ അധിക ബഡ്ജറ്റ് വിഹിതം വേണ്ട അവസ്ഥയിലായി. ഇതിനായി ധനവകുപ്പിന് കത്തുനല്‍കിയെങ്കിലും സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി അതിന് തടസമായി. ഇതോടെ ഫെബ്രുവരിയിലെ ശമ്പളവും മുടങ്ങുകയായിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം വാര്‍ത്തയായതിന് പിന്നാലെയാണ് കുറച്ചുപേര്‍ക്ക് ജനുവരിയിലെ ശമ്പളം ലഭിച്ചത്. എന്നാല്‍ ഓഫീസിലിരിക്കുന്ന ഭരണസമിതിയുടെ പിന്‍ബലമുള്ള കരാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചപ്പോള്‍ പൊരിവെയിലത്ത് ജോലിനോക്കുന്നവര്‍ക്ക് ഒന്നും കിട്ടിയില്ലെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നത്.

Leave a comment

Your email address will not be published. Required fields are marked *