ആര്‍ബിഐ നിര്‍ദേശം ടാറ്റ സണ്‍സിന് തലവേദനയാകുമോ; ലിസ്റ്റു ചെയ്താല്‍ കൈപൊള്ളുമോ?
ആര്‍ബിഐ നിര്‍ദേശ പ്രകാരം വന്‍കിട ധനകാര്യ സ്ഥാപനങ്ങള്‍ ലിസ്റ്റിങ് പൂര്‍ത്തിയാക്കണം. അതുകൊണ്ട് തന്നെ ടാറ്റ ഗ്രൂപ്പിന്റെ പ്രധാന ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സിന് 2025 സെപ്തംബറോടെ ലിസ്റ്റ് ചെയ്യേണ്ടി വന്നേക്കും എന്ന് റിപ്പോര്‍ട്ടുകള്‍. ടാറ്റ സണ്‍സിനെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായി കണക്കാക്കുന്നത് ഒഴിവാക്കാനുള്ള ഓപ്ഷനുകള്‍ പരിഗണിക്കണമെന്നും നിര്‍ദേശമുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
11 ലക്ഷം കോടി രൂപയാണ് ഇപ്പോള്‍ ടാറ്റ സണ്‍സിന്റെ മൂല്യം ആയി കണക്കാകുന്നു. അടുത്തിടെ സെബി ടാറ്റ സണ്‍സ് ഉള്‍പ്പെടെയുള്ള 15 എന്‍ബിഎഫ്സികളുടെ പട്ടിക പുറത്തിറക്കിയിരുന്നു. ടാറ്റ സണ്‍സ് ലിസ്റ്റിംഗുമായി മുന്നോട്ട് പോയാല്‍, ടാറ്റ ട്രസ്റ്റുകളിലെ ഓഹരിയുടമകള്‍ക്ക് ഇത് തിരിച്ചടിയാകുമെന്നാണ് സൂചന. വന്‍കിട എന്‍ബിഎഫ്സികള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍ബന്ധിത ലിസ്റ്റിങ് പൂര്‍ത്തീകരിക്കണമെന്നാണ് ആര്‍ബിഐ നിര്‍ദേശിച്ചിട്ടുളളത്. ഇത് സ്വകാര്യ ബാങ്കുകള്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുള്ള ലിസ്റ്റിംഗിന് സമാനമായാണ് ചെയ്തിട്ടുളളത്.
2022 സെപ്റ്റംബറില്‍ ആണ് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ടാറ്റ സണ്‍സ് എന്‍ബിഎഫ്‌സി ആയി പ്രഖ്യാപിച്ചത്. എന്‍ബിഎഫ്‌സിയുടെ വലിപ്പം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ചാണ് ആര്‍ബിഐ ഇവയുടെ ക്ലാസിഫിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് ടാറ്റ സണ്‍സ് ഐപിഒ വഴി പണം സമാഹരിച്ചേക്കുമെന്നാണ്. അതുകൊണ്ട് തന്നെ ആര്‍ബിഐ വിജ്ഞാപനം പാലിക്കാന്‍ ടാറ്റ സണ്‍സിന് സമയം ലഭിക്കും.
എന്നാല്‍ ടാറ്റ ഗ്രൂപ്പിന് ഇപ്പോള്‍ ഇത് സംബന്ധിച്ച കൃത്യമായ പ്ലാന്‍ ഉണ്ടോ എന്നതില്‍ വ്യക്തതയില്ല. ടാറ്റ സണ്‍സിന്റെ ഉപസ്ഥാപനമായ ടാറ്റ ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസും ആര്‍ബിഐയുടെ മുന്‍നിര എന്‍ബിഎഫ്സികളുടെ പട്ടികയിലുണ്ട്. നിലവില്‍, ഇവ രണ്ടും ലയിപ്പിക്കാനുള്ള ശ്രമങ്ങളുണ്ട്.
ഈ ലയനത്തിന്റെ സൂചനകള്‍ ടാറ്റ 2023 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ നല്‍കിയിരുന്നു. 2004 ഡിസംബറില്‍ ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയെ ലിസ്റ്റ് ചെയ്യാനുള്ള താല്‍പര്യം ടാറ്റ സണ്‍സിന്റെ ചെയര്‍മാനായിരുന്ന രത്തന്‍ ടാറ്റ പ്രകടിപ്പിച്ചിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്വപ്നം വാറന്‍ ബഫറ്റ് സ്ഥാപിച്ച ബെര്‍ക്ക് ഷെയര്‍ ഹാത്ത്വേയോട് സാമ്യമുള്ള തരത്തില്‍ ടാറ്റ സണ്‍സ് ലിസ്റ്റ് ചെയ്യപ്പെടണമെന്നായിരുന്നു എന്ന് അദേഹം പറഞ്ഞിരുന്നു.