#health #Others

ആരോഗ്യം ശ്രദ്ധിക്കുന്നവരെങ്കില്‍ ഇതുംകൂടി കുടിച്ചുനോക്കു

രാവിലെ വെള്ളം കുടിക്കുമ്പോള്‍ ചില പ്രകൃതിദത്തമായ ചേരുവകള്‍ ഈ വെള്ളത്തില്‍ കലര്‍ത്തി കഴിക്കുന്നതും വളരെ നല്ലതാണ്. തേന്‍, മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങാനീര് എന്നിവയെല്ലാം കലര്‍ത്തിയും ഉലുവ പോലുള്ളവ കുതിര്‍ത്തിവച്ചുമെല്ലാം രാവിലെ വെള്ളം കുടിക്കുന്നവരുണ്ട്. ഇവയ്ക്കെല്ലാം ഇവയുടേതായ ഗുണങ്ങളുമുണ്ട്. രാവിലെ ഉറക്കമുണര്‍ന്നയുടനെ ചൂടുള്ള ഒരു കപ്പ് ചായയോ കാപ്പിയോ കഴിക്കുന്നവരാണ് ഏറെ പേരും. എന്നാല്‍ ഉറക്കമെണീറ്റ് വെറും വയറ്റില്‍ കാപ്പിയോ ചായയോ കഴിക്കുന്നത് അത്ര ഗുണകരമല്ലെന്നാണ് ആരോഗ്യവിദഗ്ധരെല്ലാം പറയാറ്. പകരം ഒരു ഗ്ലാസ് വെറും വെള്ളമോ, അല്ലെങ്കില്‍ ഇളം ചൂടുവെള്ളമോ കഴിക്കുന്നതാണ് ഏറെ നല്ലത്. ഇത്തരത്തില്‍ രാവിലെ കഴിക്കാന്‍ യോജിച്ചൊരു ഹെല്‍ത്തി ആയ പാനീയമാണ് ഇത്. തേനും കറുവപ്പട്ടയും ചേര്‍ത്താണ് ഇത് തയ്യാറാക്കുന്നത്.

തേനാകട്ടെ, കറുവപ്പട്ടയാകട്ടെ രണ്ടും ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ചേരുവകളാണ്. വണ്ണം കുറയ്ക്കാന്‍ ശ്രമം നടത്തുന്നവരെ സംബന്ധിച്ചാണ് ഇത് ഏറെ ഉപകാരപ്പെടുന്നത്. പ്രത്യേകിച്ച് വയറ് കുറയ്ക്കാന്‍ വേണ്ടി ശ്രമിക്കുന്നവര്‍ക്ക്. എന്നാലീ പാനീയം കഴിക്കുന്നത് കൊണ്ടോ, അല്ലെങ്കില്‍ ഏതെങ്കിലും ‘മോണിംഗ് ഡ്രിങ്ക്’ കൊണ്ട് മാത്രമോ വണ്ണം കുറയ്ക്കുകയോ വയര്‍ കുറയ്ക്കുകയോ ചെയ്യാന്‍ സാധിക്കില്ല. ഒപ്പം വ്യായമമോ ഡയറ്റിലെ മറ്റ് നിയന്ത്രണങ്ങളോ എല്ലാം ആവശ്യമാണെന്ന് മനസിലാക്കുക.

തേന്‍- കറുവപ്പട്ട ‘ഡ്രിങ്ക്’ തയ്യാറാക്കാന്‍ വളരെ എളുപ്പമാണ്. ഒരു കപ്പ് വെള്ളം ചൂടാക്കാന്‍ വയ്ക്കണം. ഇതിലേക്ക് ഒരു ചെറിയ കഷ്ണം കറുവപ്പട്ടയിടണം. ഒപ്പം തന്നെ ഇതിലേക്ക് അര സ്പൂണ്‍ കറുവപ്പട്ട പൊടിയും ചേര്‍ക്കണം. വെള്ളം നന്നായി തിളച്ചുകഴിഞ്ഞ് തീ ഓഫ് ചെയ്ത് ഇത് ഒന്ന് ആറാന്‍ വയ്ക്കണം. ആറിയ ശേഷമാണ് തേന്‍ ചേര്‍ക്കേണ്ടത്. തേന്‍ ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം അല്‍പം ചെറുനാരങ്ങാനീര് കൂടി ചേര്‍ക്കണം.

വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതിന് ഉപകാരപ്പെടുമെന്നതിന് പുറമെ രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കാനും കൊഴുപ്പിനെ എരിയിച്ചുകളയാനുമെല്ലാം ഈ ‘ഡ്രിങ്ക്’ സഹായകമായിരിക്കും.

Leave a comment

Your email address will not be published. Required fields are marked *