പദയാത്ര സംഭവമായി, സുരേഷ് ഗോപിയെ കുടുംബസമേതം ഡല്‍ഹിയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി; കേന്ദ്ര മന്ത്രിയാക്കാനുള്ള നീക്കമാണോ? ചര്‍ച്ച സജീവം
തൃശൂര്‍: സഹകരണ മേഖലയിലെ കൊള്ളയ്‌ക്കെതിരെ കരുവന്നൂരില്‍ നിന്ന് തൃശൂരിലേക്ക് സഹകാരി സംരക്ഷണ പദയാത്ര നടത്തിയ സുരേഷ് ഗോപിക്ക് രാഷ്ട്രീയത്തില്‍ രാശി തെളിയുന്നു. മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രിയുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തും. കുടുംബസമേതമാകും സുരേഷ് ഗോപി പ്രധാനമന്ത്രിയെ കാണാനെത്തുക. കരുവന്നൂരിലെ പദയാത്രയ്ക്ക് പിന്നാലെയാണ് അദ്ദേഹത്തിന് പ്രധാനമന്ത്രിയുടെ ക്ഷണം വന്നിരിക്കുന്നത്. സഹകരണ മേഖലയിലെ ക്രമക്കേടുകള്‍ക്കെതിരെ പദയാത്ര നടത്തിയതില്‍ തനിക്ക് രാഷ്ട്രീയം ഇല്ലെന്ന് സുരേഷ്ഗോപി വ്യക്തമാക്കിയിരുന്നു.
സഹകരണ മേഖലയിലെ ദുരിതം ബാധിക്കപ്പെട്ടവര്‍ തന്നോടൊപ്പം കൂടിയെന്നും അവരുടെ കണ്ണീരിന്റെ വിലയ്ക്ക് സര്‍ക്കാര്‍ മറുപടി പറയേണ്ടിവരുമെന്നും സുരേഷ് ഗോപി പ്രസ്താവിച്ചിരുന്നു. പാവങ്ങളുടെ പ്രശ്നത്തില്‍ പരിഹാരം കണ്ടില്ലെങ്കില്‍ നിങ്ങളുടെ ഉറക്കം മാത്രമല്ല കിടക്ക തന്നെ നഷ്ടപ്പെടും. മണിപ്പൂരും യുപിയും ഒന്നും നോക്കിയിരിക്കരുതെന്നും അത് നോക്കാന്‍ അവിടെ വേറെ ആണുങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പദയാത്രക്കിടെയാണ് സുരേഷ് ഗോപിയെ പ്രധാനമന്ത്രി ഫോണില്‍ ബന്ധപ്പെടുന്നത്. തിരക്കായതിനാല്‍ ആദ്യം വന്ന കോളുകളൊന്നും ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഫോണ്‍ വന്നു. ജാഥക്കിടെ വിശ്രമിക്കുമ്പോള്‍ സുരേഷ് ഗോപി തിരിച്ചു വിളിച്ചപ്പോള്‍ മറുഭാഗത്ത് പ്രധാനമന്ത്രി തന്നെയാണ് സംസാരിക്കുന്നത്. എപ്പോള്‍ നേരില്‍ കാണുവാന്‍ സാധിക്കും. ഡല്‍ഹിയിലേക്ക് ഒറ്റക്ക് വരേണ്ടതില്ല, കുടുംബത്തോടൊപ്പം വരൂ എന്നാണ് പ്രധാനമന്ത്രിയുടെ ക്ഷണം. ഭാര്യയും മക്കളും കുടുംബാംഗങ്ങളുമടക്കം ഏഴ് പേരാണ് പ്രധാനമന്ത്രിയുടെ അതിഥികളാവുക. ഇതിനുള്ള തയ്യാറെടുപ്പുകള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാക്കി വരുന്നുവെന്നും റിപ്പോര്‍ട്ട്.
അതേസമയം കരിവന്നൂര്‍ തട്ടിപ്പിന് ഇരയായി മരണപ്പെട്ട ശശിയുടെ വീട്ടിലെത്തി സുരേഷ് ഗോപി കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ചു. അംഗപരിമിതനായ നിക്ഷേപകന് ചികിത്സയ്ക്ക് ആവശ്യമുള്ള പണം നല്‍കിയില്ലെന്ന കുടുംബത്തിന്റെ പരാതി സംബന്ധിച്ച വിവാദമായതിന് പിന്നാലെയാണ് സുരേഷ് ഗോപി ശശിയുടെ വീട്ടിലെത്തിയത്. ശശിയുടെ മൂന്നു ലക്ഷത്തിന്റെ കടം വീട്ടാമെന്ന് സുരേഷ് ഗോപി കുടുംബാംഗങ്ങള്‍ക്ക് ഉറപ്പു നല്‍കി.
ശശിയുടെ അമ്മയുമായും സഹോദരി മിനിയുമായും സുരേഷ് ഗോപി സംസാരിച്ചു. ആറുമാസം കൂടുമ്പോള്‍ അമ്മയ്ക്ക് മരുന്ന് എത്തിക്കാമെന്ന് സുരേഷ് ഗോപി ഉറപ്പുനല്‍കി.
പദയാത്രക്ക് പിന്നാലെ സുരേഷ് ഗോപിയെ പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് ക്ഷണിച്ചത് കേരള ബി ജെ പിയിലെ സമവാക്യങ്ങള്‍ തന്നെ മാറുമെന്ന സൂചനയായി രാഷ്ട്രീയ വൃത്തങ്ങള്‍ കാണുന്നു. ലോക്‌സഭയില്‍ തൃശൂര്‍ സുരേഷ് ഗോപി ജയിച്ചു കയറുമെന്ന പ്രതീക്ഷ ബി ജെ പിക്ക് കൈവന്നിട്ടുണ്ട്. കക്ഷിരാഷ്ട്രീയ ഭേദമന്യേ പദയാത്രക്ക് ലഭിച്ച സ്വീകാര്യത അത്ര വലുതായിരുന്നു. കേന്ദ്രമന്ത്രി പദവി നല്‍കി സുരേഷ് ഗോപിയെ കൂടുതല്‍ കരുത്തനാക്കിയാല്‍ കേരളത്തില്‍ എക്കൗണ്ട് തുറക്കാനാകുമെന്ന ശുഭാപ്തി വിശ്വാസം ബി ജെ പി കേന്ദ്രനേതൃത്വത്തിനുണ്ട്. അടുത്ത ദിവസങ്ങളില്‍ ആര്‍ എസ് എസ് പ്രമുഖര്‍ കേരളത്തില്‍ സന്ദര്‍ശനത്തിനെത്തുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃശൂര്‍ ഉള്‍പ്പടെയുള്ള മണ്ഡലങ്ങളിലെ സാഹചര്യങ്ങള്‍ അവര്‍ വിലയിരുത്തുമെന്നാണ് വിവരം.