#Sports

ലോകകപ്പ് ക്രിക്കറ്റിന് നാളെ തുടക്കം, ചരിത്രം കുറിച്ച് ഇന്ത്യ!

ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യയില്‍ തുടക്കമാവുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ അഞ്ചിന് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഏറ്റുമുട്ടുന്നതോടെ 2023ലെ ലോകകപ്പിന് തുടക്കമാകും. ചരിത്രത്തിലാദ്യമായി ഇന്ത്യ ഒറ്റക്ക് ആതിഥേയത്വമരുളുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് എന്ന പ്രത്യേകതയും നിലനില്‍ക്കുന്നു.

ഓരോ വര്‍ഷവുമെന്നോണം മാറ്റത്തിന് വിധേയമാകുന്ന, കൂടുതല്‍ രാജ്യങ്ങളിലേക്കും ആരാധകരിലേക്കുമെത്തുന്ന ക്രിക്കറ്റിന്റെ പുതിയ ലോക ചാമ്പ്യന്മാര്‍ ആരായിരിക്കുമെന്നറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ആതിഥേയരായ ഇന്ത്യയെ കൂടാതെ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്സ് എന്നീ പത്ത് രാജ്യങ്ങള്‍ രണ്ട് ഗ്രൂപ്പുകളിലായി ഇത്തവണ ഏറ്റുമുട്ടാനിറങ്ങുന്നു.

ലോകകപ്പിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ 1975ല്‍ ഇംഗ്ലണ്ടിലാണ് ആദ്യ ലോകകപ്പ് നടക്കുന്നത്. ഏകദിന മത്സരങ്ങളുടേയും ഇംഗ്ലണ്ടിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും സംഘടിപ്പിക്കപ്പെട്ട ഏകദിന പരമ്പരകളുടേയും വിജയത്തോടെ ലോകകപ്പിന് തുടക്കമിടാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. സ്പോണ്‍സര്‍മാരുടെ പേരുകൂടി ചേര്‍ത്ത് പ്രുഡന്‍ഷ്യല്‍ കപ്പ് എന്നായിരുന്നു തുടക്കത്തില്‍ ലോകകപ്പ് അറിയപ്പെട്ടിരുന്നത്.

Also Read; ബ്ലാസ്‌റ്റേഴ്‌സിനെ പൂട്ടാനെത്തിയ ജംഷഡ്പൂരിന് എട്ടിന്റെ പണി, പൊളിച്ചടുക്കി ഫ്രാങ്ക് ഡ്യുവന്‍

നാലു വര്‍ഷത്തെ ഇടവേളകളില്‍ നടക്കുന്ന ഐസിസി ലോകകപ്പില്‍ ഓസ്ട്രേലിയ അഞ്ചു തവണ ചാമ്പ്യന്മാരായപ്പോള്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും രണ്ടു പ്രാവശ്യവും പാകിസ്താന്‍, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ ഓരോ തവണയും ലോകകപ്പ് സ്വന്തമാക്കി.

ഇന്ന് ഭൂരിഭാഗം ഏകദിന മത്സരങ്ങളും ഡേ നൈറ്റ് ആയിരുന്നെങ്കില്‍ അന്ന് മത്സരങ്ങളെല്ലാം പകല്‍ സമയത്തായിരുന്നു. മാത്രമല്ല, കളിക്കാര്‍ ടെസ്റ്റ് മത്സരങ്ങളിലെന്നപോലെ വെള്ള വസ്ത്രങ്ങള്‍ ധരിച്ച് കളിക്കിറങ്ങി. ടെസ്റ്റിനായി ഉപയോഗിച്ചിരുന്ന ചുവന്ന പന്തായിരുന്നു 60 ഓവറുകള്‍ വീതമുണ്ടായിരുന്ന ഏകദിനത്തിനും ഉപയോഗിച്ചിരുന്നത്.

ആദ്യ രണ്ട് തവണയും ലോക കിരീടം അന്നത്തെ കരുത്തന്മാരായ വിന്‍ഡീസിനായിരുന്നെങ്കില്‍ 1983ലെ മൂന്നാം ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ച് ഇന്ത്യ അവിശ്വസനീയ വിജയം നേടി. 1987ല്‍ ഇന്ത്യയിലും പാകിസ്താനിലുമായി നടത്തപ്പെട്ട ലോകകപ്പിലാണ് 50 ഓവര്‍ വീതമുള്ള മത്സരമാകുന്നത്. ആ ലോകകപ്പില്‍ ഓസ്ട്രേലിയ ചാമ്പ്യന്മാരായി.

വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ..

1992 ലോകകപ്പില്‍ പാകിസ്ഥാനും 96ല്‍ ശ്രീലങ്കയും വിജയികളായി. 1999 ലാണ് ഓസ്ട്രേലിയ വീണ്ടും കിരീടം നേടുന്നത്. 2003ല്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയ ഓസ്ട്രേലിയ 2007ലെ വിജയത്തോടെ ഹാട്രിക് കിരീട ജേതാക്കളായി. 2011ല്‍ ഇന്ത്യ ജയിച്ചപ്പോള്‍ 2015ല്‍ ഓസ്ട്രേലിയ വീണ്ടും ചാമ്പ്യന്മാരായി. 2019ല്‍ ഇംഗ്ലണ്ട് ആദ്യമായി ലോകകിരീടമുയര്‍ത്തി. ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ സൂപ്പര്‍ ഓവറിലും സമനില ആയതിനെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ ഫോര്‍ അടിച്ച ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

ഐസിസിയിലെ 87 അഫിലിയേറ്റഡ് രാജ്യങ്ങളും അസോസിയേറ്റഡ് രാജ്യങ്ങളും പങ്കെടുക്കുന്ന യോഗ്യതാ മത്സരങ്ങള്‍ക്ക് ശേഷമാണ് ലോകകപ്പിലേക്ക് ടീമുകള്‍ യോഗ്യത നേടുന്നത്. വിവിധ മേഖലകളായി തിരിച്ചാണ് മത്സരങ്ങള്‍. ലോകകപ്പ് ക്രിക്കറ്റിന് അതിന്റെ നടത്തിപ്പു രീതിയില്‍ ധാരാളം മാറ്റങ്ങളുണ്ടായിട്ടുള്ളതായി കാണാം.

വീണ്ടുമൊരിക്കല്‍ക്കൂടി ലോകകപ്പ് എത്തുമ്പോള്‍ ഇന്നേവരെ നടന്ന ക്രിക്കറ്റ് മാമാങ്കങ്ങളേക്കാള്‍ മികച്ചതായിരിക്കും അതെന്നാണ് പ്രതീക്ഷ. കരുത്തരായ കളിക്കാരുമായി ഇന്ത്യ മൂന്നാം ലോകകിരീടം തേടുമ്പോള്‍ വമ്പന്മാരായ രാജ്യങ്ങളെല്ലാം ലോകചാമ്പ്യന്മാരാകാമെന്ന പ്രതീക്ഷയിലാണ്.

Leave a comment

Your email address will not be published. Required fields are marked *