September 7, 2024
#Politics #Top Four

ആന്റണി രാജു രാജി വെക്കണം: വി ഡി സതീശന്‍

തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജു രാജി വെക്കണമെന്ന് വിഡി സതീശന്‍. സംസ്ഥാനത്ത് എ.ഐ. ക്യാമറകള്‍ സ്ഥാപിച്ച ശേഷം അപകടം കുറഞ്ഞുവെന്ന വാദം പച്ചക്കള്ളമാണെന്നും എ.ഐ. ക്യാമറയുടെ പേരില്‍ നടത്തിയ അഴിമതി മറച്ചുവെയ്ക്കാനാണ് റോഡ് അപകടങ്ങളില്‍ വ്യാജ പ്രചാരണം സര്‍ക്കാര്‍ നടത്തുന്നതെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.

‘എ.ഐ. ക്യാമറകള്‍ സ്ഥാപിച്ച ശേഷം സംസ്ഥാനത്ത് അപകടങ്ങള്‍ കുറഞ്ഞുവെന്ന മുഖ്യമന്ത്രിയുടെയും ഗതാഗതമന്ത്രിയുടെയും വാദം പച്ചക്കള്ളമാണ്. നിയമസഭയിലും പുറത്തും ഈ കള്ളം ആവര്‍ത്തിച്ചതുകൂടാതെ സര്‍ക്കാര്‍ ഹൈക്കോടതിയെവരെ കബളിപ്പിക്കുകയാണ് ചെയ്തത്. കള്ളക്കണക്ക് നല്‍കി ഹൈക്കോടതിയെ കബളിപ്പിക്കാന്‍ ശ്രമിച്ച ഗതാഗതമന്ത്രി സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയത്. ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാന്‍ അദ്ദേഹം അര്‍ഹനല്ല. ഗതാഗതമന്ത്രി രാജിവച്ചൊഴിയണം’, വി.ഡി. സതീശന്‍ പറഞ്ഞു.

Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

റോഡ് അപകടങ്ങളില്‍ കുറവുണ്ടായെന്ന വ്യാജപ്രചാരണം സര്‍ക്കാര്‍ ബോധപൂര്‍വം നടത്തുന്നത് എ.ഐ ക്യാമറയുടെ പേരില്‍ നടന്ന വന്‍ അഴിമതി മറച്ചുവെക്കാനാണ്. മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്കുവരെ എഐ ക്യാമറി അഴിമതിയില്‍ പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതമാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്. എന്നിട്ടും മറുപടി നല്‍കുകയോ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യാന്‍ മുഖ്യമന്ത്രിയോ സര്‍ക്കാരോ തയാറാകാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം കോടതിയെ സമീപിച്ചത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഈ കേസിനെ ദുര്‍ബലപ്പെടുത്തുകയെന്ന ഗൂഢലക്ഷ്യത്തോടെയാണോ വ്യാജക്കണക്കുകള്‍ നിര്‍മ്മിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Also Read; വിമാനത്തിലെ ജീവനക്കാരോട് അശ്ലീല പരാമര്‍ശം, പഞ്ചാബുകാരനെതിരെ കേസെടുത്തു

പ്രതിപക്ഷാംഗങ്ങളുടെ ചോദ്യത്തിന് നിയമസഭയില്‍ ഗതാഗതമന്ത്രി നല്‍കിയ മറുപടി പൊതുസമൂഹത്തിന് മുന്നില്‍ നില്‍ക്കെയാണ് മുഖ്യമന്ത്രിയും മന്ത്രിയും നട്ടാല്‍ കുരുക്കാത്ത കള്ളം വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. നിയമസഭാ രേഖകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ജൂണില്‍ 3714 അപകടങ്ങളും ഈ വര്‍ഷം ജൂണില്‍ 3787 അപകടങ്ങളും നടന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജൂലായ് മാസത്തില്‍ 254 അപകടങ്ങള്‍ കൂടുതലാണ് ഉണ്ടായത്. 2022 ഓഗസ്റ്റില്‍ 3366 അപകടങ്ങളും 307 അപകട മരണങ്ങളും നടന്നപ്പോള്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ 4006 അപകടങ്ങളും 353 അപകട മരണങ്ങളുമാണുണ്ടായത്. വസ്തുതകള്‍ ഇങ്ങനെയാകുമ്പോള്‍ കള്ളക്കണക്ക് നല്‍കി ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

 

 

Leave a comment

Your email address will not be published. Required fields are marked *