ഗേറ്റുകള്‍ തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ടു, പാലിയേക്കര ടോള്‍ പ്ലാസയില്‍ കോണ്‍ഗ്രസ് പ്രതിഷേധത്തിന് കൈയ്യടി, നടന്നത് വന്‍ വെട്ടിപ്പ്
തൃശ്ശൂര്‍: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയ്ക്ക് പിന്നാലെ പാലിയേക്കര ടോള്‍ പ്ലാസയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം പൊതുജനം ശരിക്കും ആസ്വദിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടോള്‍ ഗേറ്റുകള്‍ തുറന്നു നല്‍കി വാഹനങ്ങള്‍ക്ക് സൗജന്യ യാത്രയൊരുക്കുകയായിരുന്നു. എറണാകുളം ഭാഗത്തേക്കുള്ള ഗേറ്റുകളെല്ലാം തുറന്നു നല്‍കിയായിരുന്നു പ്രതിഷേധം. പാലിയേക്കരയില്‍ ടോള്‍ പിരിവിന്റെ പേരില്‍ ജി.ഐ.പി.എല്‍(ഗുരുവായൂര്‍ ഇന്‍ഫ്രാസ്ടക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്) നടത്തുന്നതു കൊള്ളയാണെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് ജില്ല കമ്മിറ്റയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
ജി.ഐ.പി.എല്ലിന്റെ 125.21കോടി രൂപയുടെ നിക്ഷേപം കഴിഞ്ഞ ദിവസം ഇ.ഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) മരവിപ്പിച്ചിരുന്നു. പിന്നാലെയാണ് കോണ്‍ഗ്രസ് പ്രതിഷേധം. 760 കോടി രൂപയാണ് റോഡുപണിക്ക് ചെലവായത്. നിലവില്‍ 1250 കോടിയിലധികം ടോള്‍ വഴി പിരിച്ചുകഴിഞ്ഞു. 2028 വരെ കമ്പനിക്ക് പിരിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 24 മണിക്കൂറിലേറെയാണ് പാലിയേക്കരകയില്‍ ഇ ഡി റെയ്ഡ് നടത്തിയത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ടോള്‍ കമ്പനിയുടെ പ്രവര്‍ത്തനമെന്നും സര്‍വീസ് റോഡുകളോ ബസ് ബേകളോ ട്രക്ക് ബേകളോ കമ്പനി യാത്രക്കാര്‍ക്ക് അനുവദിച്ചു നല്‍കുന്നില്ലെന്നും ഇ ഡി കണ്ടെത്തിയിരുന്നു. നേരത്തെ സി ബി ഐയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ദേശീയപാതയുടെ നിര്‍മാണം പൂര്‍ത്തിയാകും മുമ്പേ ടോള്‍ പിരിവ് തുടങ്ങി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ)യെ കബളിപ്പിച്ചതോടെയാണ് നടപടി.
ടിഎന്‍ പ്രതാപന്‍ എംപിയാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. പോലീസുമായുള്ള ഉന്തിലും തള്ളിലും ടിഎന്‍ പ്രതാപന്‍ എംപിക്ക് പരിക്കേറ്റു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടോള്‍ പ്ലാസ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ കലക്ടര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തി. എംപിയെ മര്‍ദിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കലക്ടര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.