മാവേലി എക്‌സ്പ്രസിന് ട്രാക്ക് മാറി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കാസര്‍കോട്: മാവേലി എക്‌സ്പ്രസ് ട്രെയിന്‍ ട്രാക്ക് മാറിക്കയറി. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് വൈകിട്ട് 6.35 നായിരുന്നു സംഭവം. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന 16603 ട്രെയിന്‍ ആണ് ബൈ ട്രാക്ക് കയറിയത്. ഈ ട്രാക്കില്‍ മറ്റ് ട്രെയിനുകള്‍ ഇല്ലാഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി.
സിഗ്‌നല്‍ നല്‍കിയതിലെ പിഴവാണ് ട്രെയിന്‍ ട്രാക്ക് മാറാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ട്രാക്ക് ഒന്നിലേക്ക് കയറേണ്ട ട്രെയിന്‍ സിഗ്‌നല്‍ മാറി ലഭിച്ചതിനാല്‍ മധ്യഭാഗത്തുള്ള ട്രാക്കിലേക്ക് കയറുകയായിരുന്നു. ഇതേ ട്രാക്കില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കിയ ശേഷം ട്രെയില്‍ യാത്ര തുടര്‍ന്നു. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജൂണില്‍ രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിന്‍ ദുരന്തം സംഭവിച്ചതും സമാനമായ രീതിയിലായിരുന്നു. ബാലസോറിന് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാര്‍-ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസിലേക്ക് കുതിച്ചെത്തിയ യശ്വന്ത്പുര്‍-ഹൗറ എക്‌സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. 275 പേര്‍ മരിച്ച ദുരന്തത്തില്‍ ആയിരത്തിലേറെ പേര്‍ക്ക് ഗുരുതര പരിക്കുകളേറ്റു.