ലങ്കയെത്തകര്‍ത്ത് വമ്പന്‍ ജയവുമായി ഇന്ത്യ സെമിയില്‍
മുംബൈ: ലോകകപ്പില്‍ വമ്പന്‍ ജയവുമായി ഇന്ത്യ സെമിയില്‍. 358 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയെ 19.4 ഓവറില്‍ 55 റണ്‍സിന് എറിഞ്ഞിട്ട് 302 റണ്‍സിന്റെ വിജയവുമായാണ് ഇന്ത്യ സെമിയിലേക്ക് ചുവടുവെച്ചത്. അതോടെ ഇന്ത്യ സെമിയിലെത്തുന്ന ആദ്യ ടീമായി മാറി. ഇന്ത്യക്കായി അഞ്ചോവറില്‍ 18 റണ്‍സിന് അഞ്ചു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും 16 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും ഒരു വിക്കറ്റ് വീതമെടുത്ത ജസ്പ്രീത് ബുമ്രയും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് ലങ്കയെ എറിഞ്ഞിട്ടത്. ഏഴ് മത്സരങ്ങളില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം ജയമാണിത്. 14 പോയന്റുമായി പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യയിപ്പോള്‍.
Also Read; വൈദ്യുതി നിലച്ച സമയത്ത് ബാലറ്റിന്റെ എണ്ണം കൂടി; കെ എസ് യു ഹൈക്കോടതിയിലേക്ക്
ശ്രീലങ്കന്‍ ബാറ്റിംഗ് നിരയില്‍ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കത്തിലേക്കെത്തിയത്. 14 റണ്‍സെടുത്ത കസുന്‍ രജിതയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. പവര്‍ പ്ലേയിലെ ആദ്യ 10 ഓവര്‍ പിന്നിടുമ്പോള്‍ 14 റണ്‍സിന് ആറ് വിക്കറ്റെന്ന പരിതാപകരമായ നിലയിലായിരുന്ന ലങ്കയെ വാലറ്റക്കാരാണ് ലോകകപ്പിലെ എക്കാലത്തെയും ചെറിയ ടീം ടോട്ടലെന്ന നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. സ്‌കോര്‍ ഇന്ത്യ 50 ഓവറില്‍ 357-8, ശ്രീലങ്ക 19.4 ഓവറില്‍ 55ന് ഓള്‍ ഔട്ട്.