മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷക്കെതിരെ ഇന്ത്യയുടെ ഹര്‍ജി സ്വീകരിച്ച് ഖത്തര്‍ കോടതി

ന്യൂഡല്‍ഹി: ചാരപ്രവൃത്തി ആരോപിച്ച് എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങള്‍ക്കെതിരെ വിധിച്ച വധശിക്ഷയ്‌ക്കെതിരെ ഇന്ത്യ നല്‍കിയ ഹര്‍ജി ഖത്തര്‍ കോടതി സ്വീകരിച്ചു. കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ട്, ഗോപകുമാര്‍ രാഗേഷ് എന്നിവരാണ് 2022 ഓഗസ്റ്റില്‍ അറസ്റ്റിലായ ഇന്ത്യന്‍ നാവികസേനയിലെ മുന്‍ ഉദ്യോഗസ്ഥര്‍.
ഇവരെല്ലാം 20 വര്‍ഷത്തോളം ഇന്ത്യന്‍ നാവികസേനയില്‍ പ്രവര്‍ത്തിച്ചവരും ഇന്‍സ്ട്രക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സുപ്രധാന പദവികളില്‍ ഉണ്ടായിരുന്നവരുമാണ്. ഹര്‍ജി പരിശോധിച്ച ശേഷം വാദം കേള്‍ക്കുന്ന തീയതി നിശ്ചയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Also Read; നവകേരള സദസിന്റെ സംഘാടക നിരയില്‍ ബി ജെ പി നേതാവ്
ഖത്തര്‍ രഹസ്യാന്വേഷണ ഏജന്‍സിയാണ് ചാരപ്രവര്‍ത്തനത്തിന് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാല്‍, ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ എന്തൊക്കെയാണെന്ന് ഖത്തര്‍ അധികൃതര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പലതവണ ഇവര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും അതെല്ലാം തള്ളി. ഒരു വര്‍ഷത്തോളം തടവിലിട്ട ശേഷമാണ് ഖത്തര്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി കഴിഞ്ഞ മാസം 26ന് എട്ടുപേരെയും വധശിക്ഷയ്ക്ക് വിധിച്ചത്.