ആറ് വയസ്സുകാരിയെ തട്ടികൊണ്ടുപോയ സംഭവം, തിരുവനന്തപുരത്ത് നിന്ന് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: പൂയപ്പള്ളിയില്‍ ആറുവയസുകാരി അബിഗേല്‍ സാറയെ തട്ടികൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍. തിരുവനന്തപുരത്ത് നിന്നാണ് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ശ്രീകണ്ഠേശ്വരത്തുനിന്ന് രണ്ടുപേരെയും ശ്രീകാര്യത്തുനിന്ന് ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ശ്രീകണ്ഠേശ്വരത്തെ കാര്‍ വാഷിംഗ് സെന്റര്‍ ഉടമ പ്രജീഷ് ഉള്‍പ്പടെയുള്ളവരാണ് കസ്റ്റഡിയിലുള്ളത്. ഇവരില്‍ നിന്ന് 15 ലക്ഷം രൂപയും കണ്ടെടുത്തുവെന്നാണ് വിവരം.
അബിഗേല്‍ സാറയ്ക്കായുള്ള നാടിന്റെ തെരച്ചില്‍ 17 മണിക്കൂര്‍ പിന്നിട്ടു കഴിഞ്ഞു. കേരളം മുഴുവന്‍ അരിച്ചുപെറുക്കുകയാണ് പൊലീസ്. കുഞ്ഞിന് ആപത്ത് സംഭവിക്കല്ലേയെന്ന പ്രാര്‍ത്ഥയിലാണ് മലയാളികള്‍. പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രവും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
ഇന്നലെ വൈകിട്ട് നാലരയ്ക്കാണ് നാടിനെ നടുക്കിയ സംഭവം. അബിഗേലിന്റെ സഹോദരന്‍ ജോനാഥനെയും മുഖംമൂടി സംഘം കാറില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും കുട്ടി കുതറി രക്ഷപ്പെട്ടു. രാത്രി 7.45ന് അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് സ്ത്രീയുടെ ഫോണ്‍ കോളെത്തി. പാരിപ്പള്ളി കുളമടയിലെ കടയിലെത്തി ഉടമയായ ഗിരിജയുടെ ഫോണ്‍ വാങ്ങി വിളിക്കുകയായിരുന്നു. ഓട്ടോയിലാണ് സ്ത്രീയും പുരുഷനും എത്തിയതെന്ന് അവര്‍ പറഞ്ഞു.
Also Read; സഹോദരനൊപ്പം ട്യൂഷന് പോയ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി
കടയില്‍ നിന്ന് ബിസ്‌ക്കറ്റും റസ്‌കും തേങ്ങയും വാങ്ങിയാണ് മടങ്ങിയത്.അതിന് ശേഷം പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് രണ്ടാമതും അമ്മയുടെ ഫോണിലേക്ക് സ്ത്രീയുടെ വിളിവന്നു. കുഞ്ഞ് ഞങ്ങളുടെ കൈയില്‍ സുരക്ഷിതയാണെന്ന് അറിയിച്ചു. ഇപ്പോള്‍ പണം തന്നാല്‍ കുട്ടിയെ തിരികെ നല്‍കുമോയെന്ന് ചോദിച്ചപ്പോള്‍ രാവിലെ പത്ത് മണിക്ക് നല്‍കാനാണ് ബോസിന്റെ നിര്‍ദ്ദേശമെന്ന് മറുപടി. രാവിലെ 10ന് പത്തുലക്ഷം അറേഞ്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫോണ്‍ കട്ടായി. ഈ നമ്പര്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.