കേരളം കണ്ട ഏറ്റവും വലിയ തിരച്ചില്‍; പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

മലപ്പുറം: ഓയൂരില്‍ കാണാതായ കുട്ടിക്ക് വേണ്ടി സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ തിരച്ചിലാണ് പോലീസ് നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം അറിഞ്ഞ നിമിഷംമുതല്‍ കുട്ടിയെ കണ്ടെത്താന്‍ ജാഗ്രതയോടെ അഹോരാത്രം പ്രവര്‍ത്തിച്ച പോലീസ് സേനാംഗങ്ങളേയും നാട്ടുകാരെയും മറ്റെല്ലാവരെയും അഭിനന്ദിക്കുന്നു. പരിഭ്രാന്തമായ ഘട്ടത്തിലും ധൈര്യം ചോര്‍ന്നുപോകാതെ അന്വേഷണ സംഘത്തിന് കൃത്യമായി വിവരങ്ങള്‍ നല്‍കിയ അബിഗേലിന്റെ സഹോദരന്‍ ജോനാഥനേയും മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. മലപ്പുറത്ത് നവകേരളസദസ്സ് പ്രഭാതയോഗത്തിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
‘കുറ്റവാളികളെ എത്രയുംവേഗം നിയമത്തിനുമുന്നില്‍ കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അതിക്രമം കാട്ടുന്നവര്‍ക്കെതിരെ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ലെന്ന് ആവര്‍ത്തിച്ച് പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
‘വിവരങ്ങള്‍ അതാത് സമയം എത്തിക്കുന്നതിലും അതിലൂടെ ജനങ്ങളെ ജാഗരൂകരാക്കുന്നതിലും മാധ്യമങ്ങള്‍ പൊതുവില്‍ നല്ല പങ്കാണ് വഹിച്ചത്. അതേസമയം, ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാധ്യമങ്ങള്‍ക്ക് എന്തൊക്കെ കരുതല്‍ ഉണ്ടാകണമെന്ന ചര്‍ച്ചയും സ്വയംവിമര്‍ശനവും വേണം. അന്വേഷണ പുരോഗതി അതാതു സമയം ജനങ്ങളിലെത്തിക്കുന്നത് നല്ലതാണ്. എന്നാല്‍, അത് കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണം. വല്ലാതെ ദുഃഖം അനുഭവിക്കുന്നവര്‍ക്ക് മുന്നിലേക്ക് ഔചിത്യമില്ലാത്ത ചോദ്യങ്ങളുമായി പോകരുത്’, എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
Also Read; കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്