കശ്മീരിലേക്ക് വിനോദയാത്രപോയ 13 പേരുടെ സംഘത്തിന് അപ്രതീക്ഷിത ദുരന്തം
ശ്രീനഗര്‍ : സോജില പാസില്‍ കാര്‍ കൊക്കയിലേക്കു വീണു പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ 4 വിനോദസഞ്ചാരികളും കശ്മീര്‍ സ്വദേശിയായ ഡ്രൈവറുമാണ് മരിച്ചത്. സുഹൃത്തുക്കള്‍ ചേര്‍ന്നു ചിട്ടി നടത്തി തുക സ്വരൂപിച്ച് കശ്മീരിലേക്ക് പോയ 13 പേരുടെ സംഘത്തിനായിരുന്നു അപ്രതീക്ഷിത അപകടം. പരുക്കേറ്റ 3 പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ശ്രീനഗര്‍ ഹൈവേയില്‍ ഇന്നലെ വൈകിട്ടു നാലരയോടെയാണ് അപകടം സംഭവിച്ചത്. 13 പേരുടെ സംഘം നവംബര്‍ 30നാണ് ട്രെയിനില്‍ പുറപ്പെട്ടിരുന്നത്. ഇവര്‍ ഇത്തരത്തില്‍ യാത്ര പോകാന്‍ തുടങ്ങിയിട്ട് 5 വര്‍ഷമായി.
സോനാമാര്‍ഗിലേക്കു രണ്ടു കാറുകളിലെത്തിയ സംഘം സ്‌കീയിങ് നടത്തി മടങ്ങുമ്പോള്‍ ചുരത്തില്‍ സീറോ പോയിന്റില്‍ വച്ച് ഒരു കാര്‍ റോഡിലെ മഞ്ഞില്‍ തെന്നി കൊക്കയിലേക്കു വീഴുകയായിരുന്നുവെന്നു ഗന്ദേര്‍ബാല്‍ എസ്പി നിഖില്‍ ബോര്‍ക്കര്‍ പറഞ്ഞു. ഡ്രൈവര്‍ വാഹനത്തില്‍ നിന്നു ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലായിരുന്നു.
സുഹൃത്തുക്കളും അയല്‍ക്കാരുമായ, ചിറ്റൂര്‍ നെടുങ്ങോട് രാജേന്ദ്രന്റെ മകന്‍ അനില്‍ (34), സുന്ദരന്റെ മകന്‍ സുധീഷ് (33), കൃഷ്ണന്റെ മകന്‍ രാഹുല്‍ (28), ശിവന്റെ മകന്‍ വിഘ്‌നേഷ് (22) എന്നിവരാണു മരിച്ചത്. കാര്‍ ഡ്രൈവര്‍ ശ്രീനഗര്‍ സത്‌റിന കന്‍ഗന്‍ സ്വദേശി ഐജാസ് അഹമ്മദ് ഐവാനും (25) മരിച്ചു.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
മനോജ് എം.മഹാദേവ് (25), അരുണ്‍ കെ.കറുപ്പുസ്വാമി (26), രാജേഷ് കെ.കൃഷ്ണന്‍ (30) എന്നിവര്‍ക്കാണു പരുക്ക്. ഗുരുതര പരുക്കേറ്റ മനോജിനെ സൗറയിലെ എസ്‌കെഐഎംഎസ് ആശുപത്രിയിലേക്കു മാറ്റി. മറ്റു രണ്ടു പേരും സോനാമാര്‍ഗ് സര്‍ക്കാര്‍ ആശുപത്രിയിലാണ്. മരിച്ച രാഹുലിന്റെ സഹോദരനാണു പരുക്കേറ്റ രാജേഷ്.
എതിരെ വന്ന വാഹനത്തിനു വഴി കൊടുക്കുമ്പോള്‍ നിയന്ത്രണം വിട്ടു മറിയുകയായിരുന്നെന്നാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. വാഹനം പൂര്‍ണമായി തകര്‍ന്ന നിലയിലായിരുന്നു. നേരത്തേ ഡല്‍ഹിയും ആഗ്രയും സന്ദര്‍ശിച്ച സംഘം 10നു തിരിച്ചു വരാനിരിക്കെയാണു ദുരന്തം. മൃതദേഹങ്ങള്‍ വൈകാതെ വിമാനമാര്‍ഗം നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. തുടര്‍നടപടികള്‍ ഏകോപിപ്പിക്കാന്‍ നോര്‍ക്ക ഓഫിസറും കേരള ഹൗസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ശ്രീനഗറിലേക്ക് തിരിച്ചു.
Also Read; പാലാ കുരിശുപള്ളിയില്‍ മകള്‍ക്കുവേണ്ടി അനുഗ്രഹം തേടി സുരേഷ് ഗോപി