January 22, 2025
#Crime #kerala #Top News

ഇരുതല മൂര്‍ച്ചയുളള കത്തി, ചുറ്റിക, കുത്തുളി; പ്രണയപ്പകയില്‍ എ. ശ്യാംജിത്ത് യുട്യൂബ് നോക്കി ആയുധം നിര്‍മിച്ചു

തലശ്ശേരി: പാനൂര്‍ വള്ള്യായിയിലെ കണ്ണച്ചന്‍കണ്ടി വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി മാനന്തേരിയിലെ എ. ശ്യാംജിത്തിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍. വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത് ഹീനമായാണെന്നും കൊല്ലപ്പെട്ടശേഷവും ശരീരത്തില്‍ മുറിവേല്‍പ്പിച്ചതായും പ്രോസിക്യൂഷന്‍ വാദിച്ചു.

Also Read ; അരവിന്ദ് കെജ്രിവാള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ; ഇന്ന് മുതല്‍ സജീവം

ഇരയോടുള്ള അടങ്ങാത്ത പകയാണ് ഇങ്ങനെ ചെയ്യാന്‍ കാരണം. ഇത്തരം കേസുകളില്‍ പ്രതിക്ക് വധശിക്ഷ നല്‍കുന്നതിനെക്കുറിച്ച് നേരത്തേയുള്ള സുപ്രീം കോടതി ഉത്തരവുകള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്ത്കുമാര്‍ ഹാജരാക്കി. ദൃക്‌സാക്ഷികളില്ലെങ്കിലും മൃഗീയമായ കൊലപാതകമാണെങ്കില്‍ സാഹചര്യത്തെളിവിന്റെ അടിസ്ഥാനത്തില്‍ വധശിക്ഷ നല്‍കാം.

കൊലപാതകം നടത്തി വള്ള്യായില്‍നിന്ന് മാനന്തേരിയില്‍ തിരിച്ചുപോയ പ്രതി അച്ഛന്റെ ഹോട്ടലില്‍നിന്ന് ചോറ് വിളമ്പിക്കൊടുത്തു. ഇത് സാധാരണ മനുഷ്യന് ചെയ്യാന്‍ കഴിയുന്നതല്ല.

പ്രതിക്ക് ജീവപര്യന്തം ശിക്ഷ നല്‍കിയാലും മാനസിക പരിവര്‍ത്തനമുണ്ടാകില്ല. പ്രതിക്ക് വധശിക്ഷ നല്‍കിയില്ലെങ്കില്‍ സമൂഹം നിയമവ്യവസ്ഥിതിയെ സംശയത്തോടെ നോക്കിക്കാണും. സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ജീവപര്യന്തം തടവ് ലഭിച്ചാല്‍ 14 വര്‍ഷം കഴിഞ്ഞാല്‍ പുറത്തുവരാമെന്ന് പ്രതി പറഞ്ഞതും പ്രോസിക്യൂഷന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

സാഹചര്യത്തെളിവിന്റെ അടിസ്ഥാനത്തില്‍ വധശിക്ഷ നല്‍കുന്നതിനെ പ്രതിഭാഗം എതിര്‍ത്തു. പ്രതിയുടെ പ്രായവും ക്രിമിനല്‍ കേസുകളില്‍ പ്രതിയല്ലെന്നതും പരിഗണിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ എസ്. പ്രവീണ്‍ ഓണ്‍ലൈനില്‍ നടത്തിയ വാദത്തില്‍ പറഞ്ഞു.

അച്ഛനും അമ്മയും സഹോദരിയുമുള്ള കുടുംബത്തിന്റെ താങ്ങാവേണ്ടയാളാണെന്ന് പ്രതിഭാഗം വാദിച്ചു. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. അഭിലാഷ് മാത്തൂരും ഹാജരായി. പാനൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം.പി. ആസാദാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് ഇരുതല മൂര്‍ച്ചയുള്ള കത്തി

വിഷ്ണുപ്രിയയെ കൊലപ്പെടുത്താന്‍ പ്രതി ശ്യാംജിത്ത് ഉപയോഗിച്ചത് ഇരുതലമൂര്‍ച്ചയുള്ള കത്തി, ചുറ്റിക, കുത്തുളി എന്നിവ. ഇരുതല മൂര്‍ച്ചയുള്ള കത്തി ശ്യാംജിത്ത് നിര്‍മിച്ചതാണെന്നാണ് പ്രോസിക്യൂഷന്റെ വാദം. കത്തി ഉണ്ടാക്കാനുള്ള സാമഗ്രികള്‍ വീട്ടില്‍നിന്ന് കണ്ടെടുത്തിരുന്നു. കൊലയ്ക്ക് ശേഷം ആയുധങ്ങള്‍ ബാഗിലാക്കി വീടിന് മുന്‍വശത്തെ പടുവയല്‍ക്കുണ്ടിലാണ് സൂക്ഷിച്ചത്.

ബാഗ് വെള്ളത്തില്‍ താഴ്ന്നുകിടക്കാന്‍ കല്ലുകള്‍ നിറച്ചിരുന്നു. വീട്ടില്‍നിന്ന് പലതരത്തിലുള്ള പണിയായുധങ്ങള്‍ കണ്ടെത്തി. യൂട്യൂബില്‍ കണ്ടാണ് ആയുധങ്ങള്‍ നിര്‍മിച്ചത്. സംഭവത്തിന്റെ രണ്ടുദിവസം മുന്‍പ് കൂത്തുപറമ്പിലെ കടയില്‍നിന്ന് പ്രതി ഹാമറും കൈയുറയും വാങ്ങി.

ഇവ വാങ്ങുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ വിചാരണവേളയില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. സംഭവദിവസം പ്രതി ഉപയോഗിച്ച മോട്ടോര്‍ സൈക്കിള്‍ വിചാരണവേളയില്‍ കോടതിഹാളില്‍ എത്തിച്ചു. സാക്ഷികള്‍ വാഹനം തിരിച്ചറിഞ്ഞു. സി.സി.ടി.വി. ദൃശ്യങ്ങളും കോടതിയില്‍ വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു.

മൂന്ന് മൊബൈല്‍ കമ്പനികളുടെ നോഡല്‍ ഓഫീസര്‍മാരെ വിസ്തരിച്ചു. 2022 ഒക്ടോബര്‍ 22-ന് രാവിലെ 10-നും 12-നുമിടയിലാണ് സംഭവമെന്നാണ് പോലീസ് നിഗമനം. 11.47-ന് ശേഷമാണെന്നാണ് ഫോണ്‍രേഖകളുടെയും പരിസരവാസികളുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ കണ്ടെത്തി. 11.47 വരെ വിഷ്ണുപ്രിയ സുഹൃത്ത് വിപിന്‍രാജുമായി സംസാരിച്ചിരുന്നു.

അതിനുശേഷം വിഷ്ണുപ്രിയയെ വിപിന്‍രാജ് വിളിച്ചെങ്കിലും കിട്ടിയില്ല. വിപിന്‍രാജ് പലതവണ സന്ദേശമയച്ചെങ്കിലും മറുപടി ലഭിച്ചില്ല. സംഭവദിവസം പ്രതി മൊബൈല്‍ഫോണ്‍ മാനന്തേരിയിലെ വീട്ടില്‍വെച്ചാണ് വിഷ്ണുപ്രിയയുടെ വീട്ടില്‍ പോയത്. സംഭവസമയത്ത് പ്രതിയുടെ ഫോണിന്റെ ലൊക്കേഷന്‍ മാനന്തേരിയാണ്.

സംഭവദിവസം ഉച്ചയ്ക്ക് പ്രതി ശ്യാംജിത്ത് ബൈക്കില്‍ പാനൂര്‍ ഭാഗത്തേക്ക് പോകുന്നതിന്റെയും തിരിച്ച് വള്ള്യായി ഭാഗത്തേക്ക് വരുന്നതിന്റെയും സിസി.ടി.വി. ദൃശ്യങ്ങള്‍ കണ്ടെടുത്തു. വിഷ്ണുപ്രിയയും സുഹൃത്തും കോഴിക്കോട് പോയപ്പോള്‍ ഒരു തവണ പ്രതി പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തിയിരുന്നു. വിഷ്ണുപ്രിയയും പ്രതിയും തമ്മില്‍ നേരത്തേ സംസാരിച്ചതിന്റെ ഫോണ്‍രേഖകള്‍ തെളിവായി കോടതിയില്‍ ഹാജരാക്കി. സംഭവം നടന്ന് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് കേസിന്റെ വിചാരണ തുടങ്ങി. കേസില്‍ 73 സാക്ഷികളാണുണ്ടായിരുന്നത്. പ്രോസിക്യൂഷന്‍ മൂന്ന് ഫൊറന്‍സിക് വിദഗ്ധരെ സാക്ഷികളായി പുതുതായി ഉള്‍പ്പെടുത്തി വിസ്തരിച്ചു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *