ലോക്‌സഭ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ടത്തിലെ പ്രചാരണം ഇന്ന് അവസാനിക്കും; അമേത്തിയും റായ്ബറേലിയും ശ്രദ്ധാകേന്ദ്രം

ലഖ്‌നോ: ലോക്‌സഭ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ടത്തിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. എട്ട് സംസ്ഥാനങ്ങളിലെ 49 മണ്ഡലങ്ങളിലാണ് മേയ് 20ന് വോട്ടെടുപ്പ് നടക്കുക. യു.പിയിലെ അമേത്തി, റായ്ബറേലി മണ്ഡലങ്ങളാണ് അഞ്ചാംഘട്ടത്തിലെ ശ്രദ്ധാകേന്ദ്രം.
ബിഹാര്‍ (അഞ്ച് മണ്ഡലം), ഝാര്‍ഖണ്ഡ് (മൂന്ന്), മഹാരാഷ്ട്ര (13), ഒഡിഷ (അഞ്ച്), യു.പി (14), പശ്ചിമ ബംഗാള്‍ (ഏഴ്), ജമ്മു കശ്മീര്‍ (ഒന്ന്), ലഡാക്ക് (ഒന്ന്) എന്നിങ്ങനെയാണ് അഞ്ചാംഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തുന്ന മണ്ഡലങ്ങളുടെ കണക്ക്. നേട്ടമുണ്ടാക്കുമെന്ന് ബി.ജെ.പി കണക്കാക്കുന്ന യു.പിയിലെയും മഹാരാഷ്ട്രയിലെയും മണ്ഡലങ്ങളാണ് ബൂത്തിലെത്തുന്നത്. യു.പിയില്‍ മറ്റന്നാള്‍ ബൂത്തിലെത്തുന്ന 14 മണ്ഡലങ്ങളില്‍ 2019ല്‍ 13ലും ബി.ജെ.പിയാണ് വിജയിച്ചത്. അന്ന് സോണിയ ഗാന്ധി മത്സരിച്ച റായ്ബറേലി മാത്രമാണ് കോണ്‍ഗ്രസിനൊപ്പം നിന്നത്. ഇത്തവണ മകന്‍ രാഹുല്‍ ഗാന്ധിയാണ് റായ്ബറേലിയില്‍ ജനവിധി തേടുന്നത്.
1.67 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സോണിയ റായ്ബറേലിയില്‍ കഴിഞ്ഞതവണ വിജയിച്ചത്. അതേസമയം, കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലമായ അമേത്തിയില്‍ മത്സരിച്ച രാഹുലാകട്ടെ ബി.ജെ.പിയുടെ സ്മൃതി ഇറാനിയോട് പരാജയപ്പെടുകയായിരുന്നു. ഇത്തവണ രാഹുലിന് വേണ്ടി കോണ്‍ഗ്രസ് ദേശീയ നേതൃത്വമാകെ മണ്ഡലത്തില്‍ പ്രചാരണം നടത്തുന്നുണ്ട്. മണ്ഡലത്തിലെത്തിയ സോണിയ ഗാന്ധി ഇന്നലെ വൈകാരിക പ്രകടനമാണ് നടത്തിയത്. ‘എന്റെ മകനെ ഞാന്‍ നിങ്ങളെ ഏല്‍പിക്കുന്നു, എന്നെ സ്‌നേഹിച്ചതുപോലെ അവനെയും സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക, രാഹുല്‍ നിങ്ങളെ നിരാശപ്പെടുത്തില്ല’ എന്നാണ് സോണിയ വോട്ടര്‍മാരോട് പറഞ്ഞത്.
Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം