സംസ്ഥാനത്ത് കനത്ത മഴ; എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു, എട്ട് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു
കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. എട്ട് കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചത്. 10 പുരുഷന്മാരും 6 സ്ത്രീകളും 4 കുട്ടികളുമായി കീലേരി മലയിലെ 20 പേരാണ് ക്യാമ്പിലുള്ളത്. കാക്കനാട് വില്ലേജിലെ മാര്‍ അത്തനേഷ്യസ് സ്‌കൂളിലാണ് ക്യാമ്പ്. കനത്ത മഴയില്‍ നഗരത്തില്‍ വെള്ളക്കെട്ട് തുടരുകയാണ്. ഇന്നലെ രാത്രിയില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപെട്ടിരുന്നു. എംജി റോഡില്‍ രാത്രിയില്‍ ഗതാഗതം തടസ്സപ്പെട്ടു. പനമ്പള്ളി നഗറിലെ കടകളില്‍ വെള്ളം കയറി. വൈറ്റിലയിലെ പല വീടുകളിലേക്കും വെള്ളം കയറി.
Also Read ; ഇന്ന് സംസ്ഥാന മന്ത്രിസഭാ യോഗം ചേരും
അതേസമയം സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നല്‍കി. വടക്കന്‍ കേരളത്തിന് സമീപം രൂപപ്പെട്ട ന്യൂന മര്‍ദ്ദമാണ് ഇപ്പോഴുള്ള മഴയ്ക്ക് കാരണം. ബംഗാള്‍ ഉല്‍കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പും നില നില്‍ക്കുന്നുണ്ട്. ചില മേഖലകളില്‍ കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യത.
മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയവും പ്രതീക്ഷിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. സംസ്ഥാനത്ത് ഇന്നലെ പെയ്ത മഴയില്‍ വ്യാപക നഷ്ടമാണ് ഉണ്ടായത്. ആകെ ക്യാമ്പുകളിലായി 223 പേരെ മാറ്റിപ്പാര്‍പ്പിച്ചു. കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്.
കേരളത്തില്‍ ശക്തമായ മഴയ്ക്കും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. ‘ജനങ്ങള്‍ ജാഗ്രത പാലിക്കണം. ആവശ്യമെങ്കില്‍ പ്രളയസാധ്യതാ മേഖലകളില്‍ നിന്ന് മാറി താമസിക്കണമെന്നും’ മുഖ്യമന്ത്രി ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം കേരളത്തിലെ എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും (15.6 -64.4 mm) സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം