മണിപ്പൂരിനൊപ്പം നിന്ന രാഹുലിനെ കൈവിടാതെ ജനം ; മുഴുവന്‍ സീറ്റിലും കോണ്‍ഗ്രസ്,ഫലത്തില്‍ ഞെട്ടി ബിജെപി

ഇംഫാല്‍: ഒരു വര്‍ഷത്തോളമായി കലാപം തകര്‍ത്ത മണിപ്പൂരില്‍ രണ്ട് സീറ്റുകളിലും കോണ്‍ഗ്രസ് നേടിയ വിജയം ഭരണകക്ഷിയായ ബിജെപിക്കുള്ള ജനങ്ങളുടെ കൃത്യമായ മറുപടിയാണ്.2019-ല്‍ ബി.ജെ.പിയോടൊപ്പം നിന്ന ഒരു സീറ്റും ബി.ജെ.പി പിന്തുണയേകിയ എന്‍.പി.എഫിന് ലഭിച്ച ഒരു സീറ്റും ഇത്തവണ പക്ഷേ അവര്‍ കൈവിട്ടു. ഒരു വര്‍ഷമായി കലാപകലുഷിതമായ അന്തരീക്ഷത്തില്‍ തുടരുന്ന മണിപ്പൂരില്‍ ഒരിക്കല്‍ പോലും സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകാതിരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു തിരിച്ചടി ബിജെപിക്ക്് ലഭിച്ചത്.
അതേസമയം, പ്രതിപക്ഷത്ത് നിന്നുകൊണ്ട് രാഹുല്‍ ഗാന്ധി നിരന്തരം മണിപ്പുര്‍ വിഷയം ഉന്നയിച്ചിരുന്നു. പാര്‍ലമെന്റില്‍ പ്രധാനമന്ത്രിക്കുനേരെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനവേദിയും മണിപ്പുരിലെ തൗബാലായിരുന്നു. പ്രധാനമന്ത്രിയുടെ മുഖത്തേറ്റ കനത്ത പ്രഹരമാണ് തെരഞ്ഞെടുപ്പ് ഫലം എന്നായിരുന്നു മണിപ്പുരിന്റെ ജനവിധിയെ ജയറാം രമേശ് വിശേഷിപ്പിച്ചത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അന്തിമഫലം പരിശോധിക്കുമ്പോള്‍ ഇന്നര്‍ മണിപ്പുരില്‍ നിന്നും 109801 വോട്ടുകളുടെ ഭൂരിപക്ഷത്തിനും ഔട്ടര്‍ മണിപ്പുരില്‍ നിന്ന് 85418 വോട്ടുകളുടെ ഭൂരിപക്ഷത്തിനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. 2014-ല്‍ രണ്ട് സീറ്റും കോണ്‍ഗ്രസിനായിരുന്നെങ്കിലും 2019-ല്‍ കോണ്‍ഗ്രസിന് ഇത് രണ്ടും നഷ്ടമായിരുന്നു. മെയ്ത്തികള്‍ക്ക് ഭൂരിപക്ഷമുള്ള ഇന്നര്‍ മണിപ്പുരില്‍ ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മിലായിരുന്നു മത്സരം. ഇന്നര്‍ മണിപ്പുരിലെ 10 ലക്ഷത്തോളം പേരില്‍ എട്ടുലക്ഷത്തിലധികം മെയ്ത്തികളാണ്.നാഗകളും കുക്കികളും മെയ്ത്തികളും ഉള്‍പ്പെടുന്ന ഔട്ടര്‍ മണിപ്പുരില്‍ എന്‍.ഡി.എ.യ്ക്കുവേണ്ടി നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ സ്ഥാനാര്‍ഥിയും കോണ്‍ഗ്രസും തമ്മിലായിരുന്നു പോരാട്ടം. ഔട്ടര്‍ മണിപ്പുരില്‍ 10 ലക്ഷം വോട്ടര്‍മാരില്‍ രണ്ടുലക്ഷം മെയ്ത്തികളാണ്.
കലാപം തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറേയായിട്ടും തകര്‍ക്കപ്പെട്ട മണിപ്പുരിജനതയുടെ പരസ്പരവിശ്വാസം വീണ്ടെടുക്കാന്‍ ഒന്നുംചെയ്യാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രി ബിരേന്‍ സിങ്ങും എന്‍ഡിഎ സര്‍ക്കാരും കടുത്ത ജനരോഷമാണ് നേരിടുന്നത്. 2023 മേയ് മാസം മൂന്നിനാണ് കുക്കി-മെയ്ത്തി വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് ആക്രമണം ആരംഭിച്ചതും വംശീയകലാപത്തിലേക്ക് വഴിമാറിയതും. ഇപ്പോഴും സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണവിധേയമായിട്ടില്ല.