September 7, 2024
#gulf #india #Top News

കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ചത് 24 മലയാളികള്‍; ഏഴ് പേരുടെ നില ഗുരുതരം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 24 ആയി. നോര്‍ക്ക സിഇഒ ആണ് ഇതു സംബന്ധിച്ച സ്ഥിരീകരണം നല്‍കിയത്. കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചതായി സ്ഥിരീകരിച്ചു. ബിനോയ് തോമസ് മരിച്ചതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. മൃതദേഹം തിരിച്ചറിഞ്ഞതായി കുവൈറ്റിലുള്ള ബെന്‍ എന്ന സുഹൃത്ത് നാട്ടില്‍ അറിയിക്കുകയായിരുന്നു. ബിനോയിയുടെ ചര്‍ച്ചിലെ പാസ്റ്ററായ കുര്യാക്കോസ് ചക്രമാക്കലിനെയാണ് കുവൈറ്റില്‍ നിന്ന് സുഹൃത്ത് അറിയിച്ചത്. മരിച്ച മലയാളികളില്‍ 16 പേരെ തിരിച്ചറിഞ്ഞു. അപകടത്തില്‍ പരിക്കേറ്റ ഏഴ് പേരുടെ നില അതീവ ഗുരുതരമാണ്.

Also Read ; മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ജോലി

ഇതിനിടെ കുവൈറ്റില്‍ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും ധനസഹായം നല്‍കും. മാത്രമല്ല, മന്ത്രി വീണാ ജോര്‍ജ് കുവൈറ്റിലേക്ക് പോകും. ജീവന്‍ ബാബു ഐ എ എസും മന്ത്രിക്കൊപ്പം കുവൈറ്റിലെത്തും. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. സഹിക്കാന്‍ കഴിയാത്ത അത്ര വേദനയാണ് ഓരോ കുടുംബത്തിനും ഉണ്ടായിരിക്കുന്നതെന്നും സംഭവം നിര്‍ഭാഗ്യകരമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രമുഖ മലയാളി വ്യവസായിയായ കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി എന്ന കമ്പനിയിലെ തൊഴിലാളി ക്യാമ്പിലായിരുന്നു സംഭവം നടന്നത്. കെട്ടിടത്തിലെ തീ പൂര്‍ണ്ണമായും അണഞ്ഞിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെയാണ് മംഗഫയിലെ തൊഴിലാളി ക്യാമ്പില്‍ തീപിടിത്തമുണ്ടായത്.

ഷോര്‍ട് സര്‍ക്യൂട്ടില്‍ നിന്ന് ഗ്യാസ് സിലിണ്ടറിലേക്ക് തീപടര്‍ന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. ആറു നില കെട്ടിടത്തിലെ താഴെ നിലയിലാണ് തീപിടിച്ചത്. ഇത് മുകളിലേക്ക് പടരുകയായിരുന്നു. തീ പടര്‍ന്ന സാഹചര്യത്തില്‍ പൊള്ളലേറ്റ പലരും രക്ഷപ്പെടുന്നതിനായി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി. ഗുരുതര പരിക്കേറ്റ് ഇവരില്‍ പലരും ചികിത്സയിലാണ്. ഇവരില്‍ ചിലര്‍ മരിച്ചതായും വിവരമുണ്ട്. തീപടര്‍ന്നപ്പോഴുണ്ടായ വിഷ പുക ശ്വസിച്ചാണ് പലരും മരിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. തൊഴിലാളികള്‍ ജോലി കഴിഞ്ഞ് വന്ന് ഉറങ്ങുന്ന സമയത്തായിരുന്നു അപകടമുണ്ടായത്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *