മാപ്പ് പറയണം;ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് സിപിഐഎം നേതാവ് ഇപി ജയരാജന്‍
തിരുവനന്തപുരം: ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് സിപിഐഎം നേതാവ് ഇ പി ജയരാജന്‍. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. വ്യാജ ആരോപണങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കേസ്. ആരോപണങ്ങള്‍ പിന്‍വലിച്ച് ഉടന്‍ മാധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിക്കണമെന്നും, അല്ലാത്ത പക്ഷം സിവില്‍-ക്രിമിനല്‍ നിയമ നടപടികള്‍ക്ക് വിധേയരാകണമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപെട്ട് സമാന വിഷയത്തില്‍ ഇപി ജയരാജന്‍ മുമ്പ് നോട്ടീസ് അയച്ചിരുന്നു.
തന്നെയും പാര്‍ട്ടിയേയും അധിക്ഷേപിക്കുന്നതിനും കരിവാരിത്തേക്കുന്നതിനും വേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങളെന്നാണ് ഇപി ആരോപിക്കുന്നത്. പത്രങ്ങളിലും വാര്‍ത്താചാനലുകളിലും നല്‍കിയ അഭിമുഖങ്ങളിലും പ്രതികരണങ്ങളിലും അപവാദം പ്രചരിപ്പിച്ചു. താന്‍ ബിജെപി യില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ദല്ലാളിനൊപ്പം തന്നെ വന്നുകണ്ടു വെന്ന ശോഭാ സുരേന്ദ്രന്റെ വാദം പച്ച നുണയാണ്. ഇപി പറഞ്ഞു.
ആലപ്പുഴയില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന ശോഭാ സുരേന്ദ്രന് എതിരെ വിവാദ ദല്ലാള്‍ ടിജി നന്ദകുമാര്‍ ഉന്നയിച്ച സാമ്പത്തിക ക്രമക്കേട് ആരോപണമായിരുന്നു ഇ പി ജയരാജനിലേക്ക് എത്തിയത്. പിണറായി വിജയനോളം തലപ്പൊക്കമുള്ള സിപിഐഎം നേതാവിനെ ബിജെപിയിലെത്തിക്കുന്നത് ചര്‍ച്ച ചെയ്യുന്നതിന് തന്നെ വന്ന് കണ്ടയാളാണ് ടി ജി നന്ദകുമാറെന്നായിരുന്നു ശോഭ സുരേന്ദ്രന്റെ ആക്ഷേപം.കേരളം സുപ്രധാനമായ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പോളിങിലേക്ക് നീങ്ങുന്നതിനിടെ ആയിരുന്നു ഇ പി ജയരാജന് നേരെ ശോഭ സുരേന്ദ്രന്‍ വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ ഈ ആരോപണം നിഷേധിച്ച് ഇ പി ജയരാജന്‍ രംഗത്തെത്തി.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം