നീറ്റ് ചോദ്യപേപ്പര്‍ തലേന്ന് ലഭിച്ചതായി വിദ്യാര്‍ത്ഥിയുടെ മൊഴി
പട്‌ന: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി.യുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി അറസ്റ്റിലായ വിദ്യാര്‍ഥിയുടെ മൊഴി. ബിഹാറില്‍ നിന്നും അറസ്റ്റിലായ അനുരാഗ് യാദവ്, നിതിഷ് കുമാര്‍, അമിത് ആനന്ദ്, സിഖന്ദര്‍ യാദവേന്ദു എന്നിവരാണ് പോലീസിന് മുന്നില്‍ കുറ്റസമ്മതം നടത്തിയത്. പരീക്ഷയുടെ തലേ ദിവസം ചോദ്യപേപ്പര്‍ ലഭിച്ചതായും ഇവര്‍ മൊഴി നല്‍കി.
മേയ് നാലിന് ബന്ധുവഴി തനിക്ക് ചോദ്യപേപ്പര്‍ ലഭിച്ചെന്നാണ് പിടിയിലായ അനുരാഗ് യാദവ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. എന്‍ജിനിയറിങ് വിദ്യാര്‍ഥിയായ സിഖന്ദര്‍ യാദവേന്ദു തനിക്ക് ചോദ്യപേപ്പര്‍ നേരത്തെ നല്‍കി. തലേന്ന് രാത്രി അത് മനഃപാഠമാക്കിയാണ് പരീക്ഷയ്‌ക്കെത്തിയത്. അതേ ചോദ്യങ്ങള്‍ പരീക്ഷ ചോദ്യപേപ്പറിലും കണ്ടു. എന്നാല്‍, പരീക്ഷ കഴിഞ്ഞതോടെ പോലീസ് തന്നെ പിടികൂടുകയായിരുന്നുവെന്നും അനുരാഗി മൊഴി നല്‍കി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
പിടിയിലായ നിതീഷ് കുമാറും അമിതും ചേര്‍ന്ന് നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ത്താനാകുമെന്ന് തന്നോട് പറഞ്ഞതായി യാദവേന്ദുവും വെളിപ്പെടുത്തി. ചോദ്യപേപ്പര്‍ ആവശ്യമുള്ള നാലുപേര്‍ തന്റെ പരിചയത്തിലുണ്ടെന്ന് അവരോട് പറഞ്ഞു. അമിതും ആനന്ദും താനും ചേര്‍ന്ന് മേയ് നാലിന് മത്സരാര്‍ഥികള്‍ക്ക് ചോദ്യപേപ്പര്‍ നല്‍കി. 40 ലക്ഷം രൂപ ആവശ്യപ്പെട്ടതായും യാദവേന്ദു പറഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ട് 13 പേരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ പരീക്ഷയെഴുതിയ ഒമ്പത് വിദ്യാര്‍ഥികള്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്. ക്രമക്കേടു നടത്താന്‍ സഹായിച്ചവര്‍ക്ക് നല്‍കിയതെന്ന് സംശയിക്കുന്ന ആറ് ചെക്കുകളും അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു. ചോദ്യപ്പേപ്പര്‍ ചോര്‍ത്തി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയവര്‍ 30 ലക്ഷം രൂപവരെ ആവശ്യപ്പെട്ടെന്നാണ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ നല്‍കിയ മൊഴി.
അതേസമയം നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടുകളില്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പരീക്ഷാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും വിവരമുണ്ട്. വിവാദത്തെ തുടര്‍ന്ന് നീറ്റ് പുനപരീക്ഷ ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. എസ്എഫ്‌ഐ അടക്കം നല്‍കിയ പത്ത് ഹര്‍ജികളാണ് കോടതി പരിഗണിക്കുക.