ട്വന്റി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഇന്ന് ആസ്‌ട്രേലിയക്കെതിരെ
ഗ്രോസ് ഐലറ്റ് (സെന്റ് ലൂസിയ): അഫ്ഗാനിസ്താനെതിരായ അപ്രതീക്ഷിത തോല്‍വിയില്‍ ഞെട്ടിയ ആസ്‌ട്രേലിയ ട്വന്റി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ മൂന്നാം മത്സരത്തില്‍ ഇന്ന് ഇന്ത്യയെ നേരിടും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് റണ്‍റേറ്റിലും ബഹുദൂരം മുന്നിലുള്ള രോഹിത് ശര്‍മയും സംഘവും സെമി ഫൈനല്‍ ഏറക്കുറെ ഉറപ്പിച്ചിട്ടുണ്ട്. എന്നാല്‍, അഫ്ഗാനോട് തോറ്റതോടെ ഓസീസിന്റെ കാര്യം പരുങ്ങലിലാണ്. ഇതോടെ മിച്ചല്‍ മാര്‍ഷിനും സംഘത്തിനും ഇന്നത്തെ കളി ജീവന്മരണ പോരാട്ടമായി മാറിയിട്ടുണ്ട്. ഇന്ത്യക്ക് നാലും ഓസീസിനും അഫ്ഗാനും രണ്ട് വീതവും പോയന്റാണുള്ളത്.
Also Read ; റഷ്യയില്‍ ആരാധനാലയങ്ങള്‍ക്ക് നേരെ വെടിവെപ്പ്; പുരോഹിതനടക്കം 15 ലേറെ പേര്‍ കൊല്ലപ്പെട്ടു
അവസരം കാത്ത് സഞ്ജുവും കൂട്ടരും
ഏകദിന ലോകകിരീടത്തിന് തൊട്ടരികെ കലാശക്കളിയില്‍ ആസ്‌ട്രേലിയയോട് പരാജയം ഏറ്റുവാങ്ങുകയായിരുന്നു ഇന്ത്യ. അതിന്റെ ക്ഷീണം ട്വന്റി20 ലോകകപ്പില്‍ തീര്‍ക്കാനാണ് മെന്‍ ഇന്‍ ബ്ലൂ എത്തിയിരിക്കുന്നത്. സൂപ്പര്‍ എട്ടില്‍ അഫ്ഗാനോടും ബംഗ്ലാദേശിനോടും ആധികാരിക ജയങ്ങളാണ് ഇന്ത്യ നേടിയത്. ഗ്രൂപ് റൗണ്ടിനുശേഷം വിജയ ഇലവനില്‍ ചെറിയ പരീക്ഷണം നടത്തിയിരുന്നു ടീം മാനേജ്‌മെന്റ്. പേസര്‍ മുഹമ്മദ് സിറാജിന് പകരം സ്പിന്നര്‍ കുല്‍ദീപ് യാദവെത്തി. ഈ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് കുല്‍ദീപ് നടത്തിയത്. സെമിയിലേക്കുള്ള വഴി തുറന്ന സ്ഥിതിക്ക് ബെഞ്ചിലിരിക്കുന്ന വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ അടക്കമുള്ളവര്‍ക്ക് അവസരം നല്‍കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
സെമി സാധ്യതകള്‍
മറുഭാഗത്ത് ഓസീസിനെ സംബന്ധിച്ച് എന്തുവിലകൊടുത്തും ഇന്ന് ജയിച്ചേ തീരൂ. അഫ്ഗാനെതിരെ ഗ്ലെന്‍ മാക്സ്വെല്‍ ഒഴികെയുള്ള ബാറ്റര്‍മാര്‍ പരാജയമായതാണ് തോല്‍വി സമ്മാനിച്ചത്. ഇന്ത്യയോട് ജയിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിടുന്ന സ്ഥിതിയിലാവും. നാളെ ബംഗ്ലാദേശിനെ തോല്‍പിക്കാനായാല്‍ അഫ്ഗാന് കടക്കാം. ഓസീസിനും അഫ്ഗാനും ബംഗ്ലാദേശിനും ഒരേ പോയന്റ് ആയാല്‍ റണ്‍റേറ്റ് കാര്യങ്ങള്‍ തീരുമാനിക്കും. നിലവില്‍ മെച്ചപ്പെട്ട റണ്‍റേറ്റ് ആസ്‌ട്രേലിയക്കാണ്.
ഇവരില്‍ നിന്ന്:
ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, യശസ്വി ജയ്സ്വാള്‍, യുസ്വേന്ദ്ര ചാഹല്‍.
ആസ്ട്രേലിയ: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, മാത്യു വെയ്ഡ്, പാറ്റ് കമ്മിന്‍സ്, ആഷ്ടണ്‍ അഗര്‍, ആദം സാമ്പ, ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഇംഗ്ലിസ്, കാമറൂണ്‍ ഗ്രീന്‍, നഥാന്‍ എല്ലിസ്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം