ശ്രീനിവാസന്‍ വധം; 17 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് എ.ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ 17 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. എന്‍ഐഎ അന്വേഷിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളും പ്രവര്‍ത്തകരുമായ 40ലേറെ പേരാണ് പ്രതികള്‍. മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നത് അടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി 9 പ്രതികള്‍ ഒഴികെയുള്ളവര്‍ക്ക് ജാമ്യം അനുവദിച്ചത്. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തിട്ടില്ലെന്ന് പ്രഥമദൃഷ്ട്യാ തെളിവില്ലാത്തവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷിമൊഴികള്‍ മാത്രമാണ് ഇവര്‍ക്കെതിരെയുള്ളത്.
2022 ഏപ്രില്‍ 16നാണ് ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് എ.ശ്രീനിവാസന്‍ (44) കൊല്ലപ്പെട്ടത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് എലപ്പുള്ളി കുപ്പിയോട് എ.സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് തൊട്ടടുത്ത ദിവസം ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പിന്നീട് എന്‍ഐഎ ഈ കേസ് ഏറ്റെടുത്തു. രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിലേക്ക് നയിച്ചതിനു കാരണമായ കേസുകളിലൊന്നു കൂടിയാണിത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..