‘ആരാണ് മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയത്, മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണം’; വിമര്‍ശിച്ച് കൊല്ലം സിപിഐഎം ജില്ലാകമ്മിറ്റി

കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം കൊല്ലം ജില്ലാകമ്മിറ്റി. മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പ് സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയെന്നും ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി ഒഴിയണമെന്നും ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. വിമര്‍ശനത്തോടുള്ള മുഖ്യമന്ത്രിയുടെ സമീപനത്തിനെതിരെയും കമ്മിറ്റിയില്‍ അംഗങ്ങള്‍ അതൃപ്തി പരസ്യമാക്കി.
Also Read ; ‘പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍’ താരവും ലൈഫ് ഗാര്‍ഡുമായ തമയോ പെറി സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
മന്ത്രിസഭ ഉടന്‍ പുനഃസംഘടിപ്പിക്കണം. തോമസ് ഐസക്കിനെ രണ്ടാം പിണറായി സര്‍ക്കാരില്‍ ഉള്‍പ്പെടുത്താമായിരുന്നു. പരിചയസമ്പത്തില്ലാത്ത നേതാക്കള്‍ സര്‍ക്കാരിന് ഭാരമായി മാറി. തുടര്‍ഭരണം കിട്ടിയതോടെ മുഖ്യമന്ത്രിയുടെ മുഖം അഹങ്കാരത്തിന്റേതായി മാറിയെന്നും വിമര്‍ശനം ഉയര്‍ന്നു.
കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ മുകേഷിനെ മത്സരിപ്പിച്ചതിനെതിരെ മുതിര്‍ന്ന നേതാവ് രംഗത്ത് വന്നു. ആരാണ് മുകേഷിനെ സ്ഥാനാര്‍ത്ഥിയായി കണ്ടതെന്ന് മുതിര്‍ന്ന നേതാവ് പി കെ ഗുരുദാസ് ചോദിച്ചു. പാര്‍ട്ടിയും ഭരണവും കണ്ണൂര്‍ ലോബിയുടെ പിടിയിലാണെന്നും വിമര്‍ശനം ഉണ്ടായി.
സംസ്ഥാന സമിതിയിലും കാസര്‍കോട്, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട അടക്കമുള്ള സിപിഐഎം ജില്ലാ കമ്മിറ്റികളിലും സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും നേതാക്കള്‍ക്കെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. സംസ്ഥാന സമിതിയില്‍ നേതാക്കളെ പേരെടുത്ത് വിമര്‍ശിച്ചത് വലിയ തിരിച്ചടിയായിരുന്നു. മുഖ്യമന്ത്രിയുടെയും ഇ പി ജയരാജന്റെയും എ കെ ബാലന്റെയും എം വി ഗോവിന്ദന്റെയും പേരെടുത്ത് പറഞ്ഞാണ് സമിതി അംഗങ്ങള്‍ വിമര്‍ശിച്ചത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം