ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍

കൊച്ചി : കേരളത്തിലെ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായി നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനെ വീണ്ടും തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി എസ് എസ്ടി സുബ്രഹ്മണ്യനും ട്രഷററായി വി പി മാധവനെയും തെരഞ്ഞെടുത്തു.
Also Read ; ആദ്യ ദിനം 180 കോടിയോട് കൂടെ റെക്കോഡ് സൃഷ്ടിച്ച് കല്‍ക്കി 2898 എഡി
കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. നിലവിലുള്ള അതേ കമ്മിറ്റിയെ തന്നെയാണ് അടുത്ത ഒരു വര്‍ഷത്തേക്ക് കൂടി തെരഞ്ഞെടുത്തിരിക്കുന്നത്. ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. നിരവധി ചിത്രങ്ങള്‍ നിര്‍മിച്ച മാജിക് ഫ്രെയിംസ് എന്ന നിര്‍മാണ-വിതരണ കമ്പനിയുടെയും സൗത്ത് സ്റ്റുഡിയോസിന്റെയും ഉടമയാണ് ലിസ്റ്റിന്‍. 2011 ല്‍ ‘ട്രാഫിക്’ എന്ന സിനിമ നിര്‍മിച്ചാണ് ലിസ്റ്റിന്‍ സിനിമാ രംഗത്തെത്തുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
‘ഉസ്താദ് ഹോട്ടല്‍’, ‘ഹൗ ഓള്‍ഡ് ആര്‍ യു’ തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെയാണ് മലയാളത്തിലെ മുന്‍നിര നിര്‍മാണക്കമ്പനികളിലൊന്നായി മാജിക് ഫ്രെയിംസ് മാറുന്നത്. ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിനൊപ്പം നിര്‍മാണത്തില്‍ പങ്കാളിയായി. കടുവ, ജനഗണമന എന്നീ സിനിമകള്‍ ഒന്നിച്ചു നിര്‍മിച്ചു.കൂടാതെ കെജിഎഫ് 2, മാസ്റ്റര്‍, പേട്ട തുടങ്ങിയ സിനിമകളുടെ കേരള വിതരണവും ഇവര്‍ ഒന്നിച്ചാണ് ഏറ്റെടുത്തത്. നിവിന്‍ പോളി നായകനായി എത്തിയ ‘മലയാളി ഫ്രം ഇന്ത്യ’യാണ് ലിസ്റ്റിന്റേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. ടോവിനോ നായകനായി എത്തുന്ന ത്രീഡി ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ അണിയറയില്‍ ഒരുങ്ങുന്ന ലിസ്റ്റിന്റെ ചിത്രമാണ്.