ഡിവൈഎഫ്‌ഐ മുന്‍ നേതാവ് മനു തോമസ് തില്ലങ്കേരി-ആയങ്കിമാര്‍ക്കെതിരെ പറയുന്ന പഴയ പ്രസംഗം പുറത്ത്

കണ്ണൂര്‍: ഡിവൈഎഫ്‌ഐ മുന്‍ നേതാവ് മനു തോമസ് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് അനഭിമതനായത് കണ്ണൂരിലെ സംഘടനയ്ക്കുള്ളിലെടുത്ത നിലപാടുകളിലൂടെയെന്ന് വ്യക്തമാക്കുന്ന പ്രസംഗം പുറത്ത്. മനു തോമസ് ക്വട്ടേഷന്‍ സംഘങ്ങളെ തള്ളിപ്പറയുന്നതാണ് പ്രസംഗം. ആകാശ് തില്ലങ്കേരി, അര്‍ജുന്‍ ആയങ്കി അടക്കമുള്ളവര്‍ക്കെതിരെ കടുത്ത പ്രതികരണമാണ് മനു തോമസ് പ്രസംഗത്തില്‍ നടത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റുകളും കേസുകളും വിവാദമായതോടെ ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയും അടക്കമുള്ള ക്വട്ടേഷന്‍ സംഘങ്ങളെ തള്ളിപ്പറയാന്‍ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായിരുന്നു പ്രസംഗം. അതുവരെ ഇവര്‍ സമൂഹ മാധ്യമങ്ങളില്‍ പാര്‍ട്ടി ലേബലില്‍ തന്നെയായിരുന്നു ഇടപെട്ടിരുന്നത്.
Also Read ; നോയിഡയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മതില്‍ ഇടിഞ്ഞുവീണ് അപകടം; മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം
2021 ജൂണില്‍ രണ്ട് മേഖലാജാഥകളാണ് സംഘടിപ്പിച്ചത്. ഈ ജാഥയിലായിരുന്നു ആകാശ് തില്ലങ്കേരി അടക്കമുള്ളവരെ ഡിവൈഎഫ്‌ഐ തള്ളിപ്പറഞ്ഞത്. 2021 ജൂണ്‍ 24ന് കൂത്തുപറമ്പില്‍ വച്ചാണ് മനു തോമസ് ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ പ്രസംഗിച്ചത്. പഴയ നിരത്തില്‍ നടന്ന പൊതുയോഗത്തിനിടെ ഈ സംഘം വൈദ്യുതി വിച്ഛേദിച്ചിരുന്നു. ഇരുട്ടില്‍ നിന്നാണ് അന്ന് മനു തോമസ് പ്രസം?ഗിച്ചത്. ഇതിന് പിന്നാലെ നിരവധി പേര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തു. ഇതിനെ തുടര്‍ന്നാണ് ആകാശ് തില്ലങ്കേരി അടക്കമുള്ളവര്‍ മനു തോമസിന്റെ ശത്രുവാകുന്നത്.
‘കൂത്തുപറമ്പിനെയും തലശ്ശേരിയെയും തിലങ്കേരിയെയുമൊക്കെ ഏതെങ്കിലും കൊട്ടേഷന്‍ സംഘങ്ങളുടെ ഭാഗമായി നില്‍ക്കുന്ന ഏതെങ്കിലും ഒരുത്തന്റെ പേരിന്റെ ഒപ്പം കെട്ടി നിരത്തേണ്ട പേരല്ലത്…’ എന്നാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ മനു പ്രസംഗിച്ച് തുടങ്ങുന്നത്.
‘പ്രസ്ഥാനത്തിന്റെ ഭാഗമാണെന്ന് പൊതുസമൂഹത്തിന് മുന്നില്‍ തെറ്റിദ്ധരിപ്പിച്ച് തോന്നിവാസം കാണിച്ചാല്‍ അതിന് ഡിവൈഎഫ്‌ഐയെ കിട്ടില്ല നിങ്ങള്‍ കാണിക്കുന്ന തെമ്മാടിത്തരങ്ങള്‍ക്ക്, അരാജകത്വ പ്രവര്‍ത്തനങ്ങള്‍ക്ക്, അധമ പ്രവര്‍ത്തനങ്ങള്‍ക്ക് മറയാക്കാനുള്ളതല്ല ഈ മഹാപ്രസ്ഥാനം, അതിന്റെ രാഷ്ട്രീയം, അതിന്റെ ആശയം. ഇത്തരം ആളുകളെ തള്ളിപ്പറയുന്നു. ഇത്തരം ആളുകള്‍ക്ക് ഈ പ്രസ്ഥാനവുമായി യാതൊരു ബന്ധവുമില്ല’ – പ്രസംഗത്തില്‍ മനു തോമസ് പറയുന്നുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പാണ് ഡിവൈഎഫ്‌ഐ നേതാവായിരുന്ന മനുവിനെ നടപടിയുടെ ഭാഗമായി പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കിയെന്ന തരത്തിലുള്ള വാര്‍ത്ത പുറത്തുവരുന്നത്. ഇതിന് പിന്നാലെ താന്‍ എന്തുകൊണ്ട് പാര്‍ട്ടിക്ക് പുറത്തുപോകുന്നുവെന്ന് വ്യക്തമാക്കി മനു തോമസ് രംഗത്തെത്തി. പാര്‍ട്ടിക്ക് ക്വട്ടേഷന്‍ സംഘങ്ങളും സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധം പലതവണ ചോദ്യം ചെയ്തിട്ടും അവര്‍ക്കെതിരെ നടപടിയെടുത്തില്ലെന്ന് ഡിവൈഎഫ്‌ഐ കണ്ണൂര്‍ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയായിരുന്ന മനു ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ മനുവിനെതിരെ സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവ് പി ജയരാജന്‍ രംഗത്ത് വന്നിരുന്നു.
ഇതിനെ തുടര്‍ന്ന് പി ജയരാജനെതിരെയും മകനെതിരെയും മനു പിന്നീട് രംഗത്തെത്തി. ഇതിന് പിന്നാലെ ആകാശ് തില്ലങ്കേരിയും അര്‍ജ്ജുന്‍ ആയങ്കിയും ജയരാജന് പ്രതിരോധം തീര്‍ത്ത് മനു തോമസിനെ ഭീഷണിപ്പെടുത്തി രംഗത്തത്തിയത് വിവാദമായിരുന്നു. ‘എന്തും പറയാന്‍ പറ്റില്ലെന്ന് ഇവനെ ബോധ്യപ്പെടുത്താന്‍ സംഘടനയ്ക്ക് അധിക സമയം വേണ്ട എന്ന് ഓര്‍ത്താല്‍ നല്ലത്’ എന്നായിരുന്നു ആകാശ് തില്ലങ്കേരിയുടെ മുന്നറിയിപ്പ് പോസ്റ്റ്. നേതാവാകാന്‍ അടി കൊള്ളുന്നവനും ചോര വാര്‍ന്ന് ജീവിതം ഹോമിച്ച് നേതാവായവരും തമ്മില്‍ ഒരുപാട് ദൂരമുണ്ടെന്നായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ പ്രതികരണം. പാര്‍ട്ടിയേയും പാര്‍ട്ടി നേതാക്കളേയും ഇല്ലാ കഥകള്‍ പറഞ്ഞ് അപമാനിക്കാന്‍ നില്‍ക്കരുതെന്ന് മുന്നറിയിപ്പുമായി റെഡ് ആര്‍മിയും രംഗത്തെത്തിയിരുന്നു. മനു തോമസിനെതിരെ പോരാളി ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പും പ്രത്യക്ഷപ്പെട്ടിരുന്നു.
പി ജയരാജന് വേണ്ടി എന്തുകൊണ്ടാണ് സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘാംഗങ്ങളായ അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയും പ്രതിരോധം തീര്‍ക്കാന്‍ വരുന്നുവെന്നായിരുന്നു ഇതിനോടുള്ള മനു തോമസിന്റെ പ്രതികരണം. കാര്യങ്ങള്‍ പെട്ടെന്ന് കൈകാര്യം ചെയ്യാന്‍ പാര്‍ട്ടി ക്വട്ടേഷന്‍ സംഘാഗങ്ങളെ ഏല്‍പ്പിച്ചിട്ടുണ്ടോ എന്ന് നേതൃത്വം മറുപടി പറയണമെന്നും മനു ആവശ്യപ്പെട്ടിരുന്നു. പി ചന്ദ്രശേഖരന്‍ വധവും ഷുഹൈബ് വധവും വിപ്ലവമായിരുന്നില്ല, വൈകൃതമായിരുന്നുവെന്നും മനു തോമസ് തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ ആരോപിച്ചിരുന്നു.
മനു തോമസ് പാര്‍ട്ടിക്ക് പുറത്തുപോയതും ആരോപണ ശരങ്ങളുമായി രംഗത്തെത്തിയതും തിരഞ്ഞെടുപ്പ് തോല്‍വിയില്‍ വട്ടംകറങ്ങുന്ന സിപിഐഎമ്മിന് തലവേദനയായിരിക്കുകയാണ്. ഇതിനൊപ്പമാണ് കണ്ണൂരിലെ ശക്തനായ പി ജയരാജന് പ്രതിരോധം തീര്‍ത്ത് ക്രിമിനല്‍ കേസ് പ്രതികള്‍ രംഗത്തെത്തിയതും വിവാദമായിരിക്കുന്നത്. സിപിഐഎം സംശയ നിഴലില്‍ നില്‍ക്കുന്ന രണ്ട് കൊലപാതകക്കേസുകള്‍ ഇതിനൊപ്പം വീണ്ടും ചര്‍ച്ചയാകുന്നതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ട്.
Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം