കവര്‍ച്ച പഠിക്കുന്നത് യുട്യൂബിലൂടെ, എത്ര ഉയരത്തിലും കയറും, ഏത് പൂട്ടും തുറക്കും, ആഡംബര ജീവിതം, ഒടുവില്‍ കേരള പോലീസിന്റെ വലയില്‍
തിരുവനന്തപുരം: യുട്യൂബ് വിഡിയോകളുടെ സഹായത്തോടെ അതിവിദഗ്ധമായി മോഷണം നടത്തിയിരുന്ന കുപ്രസിദ്ധ മോഷ്ടാവ് വിശാഖപട്ടണം സ്വദേശി ‘സ്പൈഡര്‍ സതീഷ് റെഡ്ഡി’ (കാരി സട്ടി ബാബു 36) കേരളാ പൊലീസ് വിരിച്ച വലയില്‍ വീണു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എഴുപതോളം കവര്‍ച്ചക്കേസുകളിലെ പ്രതിയായ സതീഷ് റെഡ്ഡിയെ തിരുവനന്തപുരം മംഗലപുരം നെല്ലിമൂടുള്ള വീട്ടില്‍നിന്ന് 38 പവന് കവര്‍ന്ന കേസിലാണു കേരള പൊലീസ് പിടിച്ചത്.
ഒരു ദിവസം കൊണ്ട് കവര്‍ച്ച നടത്തി നാട്ടിലേക്കു മുങ്ങുന്ന സ്പൈഡര്‍ സതീഷ് റെഡ്ഡി വിറ്റു കിട്ടുന്ന പണം ആഡംബര ജീവിതത്തിനാണ് ഉപയോഗിക്കുന്നത്.
വിശാഖ പട്ടണം, ബെംഗളുരു, കടപ്പ എന്നിവിടങ്ങളിലായി നാല് ആഡംബര ഫ്ലാറ്റുകളും സതീഷിന്റെ പേരിലുണ്ട്. കവര്‍ച്ച കഴിഞ്ഞാല്‍ സ്വര്‍ണം ആന്ധ്ര, ബെംഗളൂരു എന്നിവിടങ്ങളില്‍ എത്തിക്കും. സ്വര്‍ണ വ്യാപാരികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം മോഷണ മുതല്‍ പകുതി വിലയ്ക്ക് വില്‍ക്കും. പിടിക്കപ്പെട്ടാല്‍ സ്വര്‍ണം പൊലീസിനെ ഏല്പിക്കാനും നിര്‍ദേശിക്കും. അടുത്ത തവണ നടത്തുന്ന മോഷണത്തിലൂടെ കിട്ടുന്ന സ്വര്‍ണം പിന്നീട് സൗജന്യമായി വ്യാപാരിക്കു നല്‍കും. ഇക്കാരണത്താല്‍ വ്യാപാരികള്‍ക്കും പരാതികള്‍ ഇല്ല.
എത്ര ഉയരമുള്ള ചുവരായാലും ചിലന്തിയെ പോലെ നിമിഷങ്ങള്‍ക്കുള്ളില്‍ കയറുന്നതിനാലാണ് സ്പൈഡര്‍ എന്ന വിളിപ്പേര് വീണത്. ഹൈടെക് മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിങിനോട് അടുത്തു നില്ക്കുന്ന കവര്‍ച്ച തന്ത്രങ്ങളാണ് സ്പൈഡര്‍ സതീഷിനെന്ന് പൊലീസ്. നാലാം ക്ലാസ് വരെ മാത്രമാണ് സതീഷ് റെഡ്ഡി പഠിച്ചിട്ടുള്ളത്. തെലുങ്കിന് പുറമേ ഇംഗ്ലിഷും ഹിന്ദിയും നന്നായി അറിയാം. തമിഴും മലയാളവും സംസാരിക്കും.
തിരുവനന്തപുരം നെല്ലിമൂട്ടിലെ വീട്ടില്‍ കഴിഞ്ഞ മാസം രണ്ടിനായിരുന്നു സതീഷ് മോഷണം നടത്തിയത്. കവര്‍ച്ച നടത്തിയ ദിവസംതന്നെ നാട്ടിലേക്കു മടങ്ങിയ പ്രതിയെ, പ്രദേശത്തെയും സഞ്ചരിച്ച ബസിലെയും സിസിടിവി ദൃശ്യങ്ങളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണു പിടികൂടിയത്. ലോക്കല്‍ പൊലീസും ഷാഡോ ടീമും അടങ്ങുന്ന പ്രത്യേക സംഘം ആന്ധ്രപ്രദേശ് കടപ്പയിലെ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ചെന്നൈ, കാഞ്ചീപുരം, ബെംഗളൂരു, തിരുപ്പതി, കൊപ്പം, വിശാഖപട്ടണം, വിജയനഗരം, കടപ്പ എന്നിവിടങ്ങളില്‍ 17 ദിവസം നടത്തിയ അന്വേഷണത്തിനൊടുവിലാണു പ്രതിയെ കണ്ടെത്തിയത്.
ആറ്റിങ്ങല്‍ ഡിവൈഎസ്പി എ.പ്രദീപ് കുമാര്‍, മംഗലപുരം എസ്എച്ച്ഒ: വൈ. മുഹമ്മദ് ഷാഫി, കഠിനംകുളം പ്രിന്‍സിപ്പല്‍ എസ്ഐമാരായ എസ്.എസ്.ഷിജു, എസ്ഐ: അനില്‍കുമാര്‍ സിപിഒമാരായ ലിജു ഷാഡോ ടീമിലെ എസ്.ഐ: ബി. ദിലീപ്, എസ്.രാജീവ് എസ്.റിയാസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































