ഭക്ഷ്യമന്ത്രിയുമായുള്ള ചര്‍ച്ച പരാജയം, ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ല; ജൂലൈ 8,9ന് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളും അടച്ച് പ്രതിഷേധിക്കും

തിരുവനന്തപുരം: ഭക്ഷ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടെന്ന് റേഷന്‍ വ്യാപാരി സംയുക്ത സംഘടന അറിയിച്ചു. റേഷന്‍ വ്യാപാരികളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ല അതുകൊണ്ട് തന്നെ ജൂലൈ 8,9 തീയതികളില്‍ സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളും അടച്ച് പ്രതിഷേധിക്കുമെന്നും റേഷന്‍ വ്യാപാരി സംയുക്ത സംഘടനയുടെ നേതാവ് ജോണി നെല്ലൂര്‍ അറിയിച്ചു. അന്നേ ദിവസങ്ങളില്‍ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംഘടന രാപകല്‍ സമരം നടത്തും.
നിരവധി സമരങ്ങള്‍ നടത്തിയിട്ടും ഇതുവരെ സര്‍ക്കാര്‍ കണ്ണ് തുറന്നില്ല. വിഷയം അനുഭാവപൂര്‍വം പരിഹരിക്കാമെന്ന് സര്‍ക്കാര്‍ രണ്ട് വര്‍ഷം മുന്നേ പറഞ്ഞിരുന്നു. ചര്‍ച്ചയ്ക്ക് വേണ്ടി മാത്രം ചര്‍ച്ച നടത്തി. വിദഗ്ധ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇതുവരെ സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ലെന്നും ജോണി നെല്ലൂര്‍ ആരോപിച്ചു.
ഈ സമരം കൊണ്ടും സര്‍ക്കാര്‍ കണ്ണ് തുറന്നില്ലെങ്കില്‍ അനിശ്ചിത കാല സമരം നടത്തുമെന്നും സംഘടന വ്യക്തമാക്കി. റേഷന്‍ കടകളിലേക്ക് കൃത്യമായ സാധനങ്ങള്‍ സര്‍ക്കാര്‍ എത്തിക്കുന്നില്ല. ചെയ്ത ജോലിയുടെ കൂലി വാങ്ങാന്‍ ഒരു മാസമോ അതിലധികമോ കാത്തിരിക്കേണ്ട അവസ്ഥയാണ്. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് കമ്മീഷനില്‍ 43 കോടി രൂപ ലഭിക്കാനുണ്ടെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം