യൂറോകപ്പ് ക്വാര്‍ട്ടര്‍ , പോര്‍ച്ചുഗലിന് കണ്ണീരോടെ മടക്കം ; പൊട്ടിക്കരഞ്ഞ് പെപ്പെ, ആശ്വസിപ്പിച്ച് റൊണാള്‍ഡോ

ബെര്‍ലിന്‍: യൂറോകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ട് പോര്‍ച്ചുഗല്‍ പുറത്തായി. മത്സരത്തിന്റെ നിശ്ചിതസമയത്തും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും ഗോളുകള്‍ നേടാതിരുന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നിരുന്നു. ഷൂട്ടൗട്ടില്‍ 5-3 നാണ് ഫ്രാന്‍സ് പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചത്. ഇതോടെ ഫ്രഞ്ച് പട സെമിയില്‍ അവരുടെ സ്ഥാനം ഉറപ്പിച്ചു. സെമിയില്‍ ഫ്രാന്‍സ് സ്‌പെയിനിനെ നേരിടും.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
യൂറോകപ്പ് ക്വാര്‍ട്ടറില്‍ നിന്നും പുറത്തായതോടെ അവസാന യൂറോ കപ്പ് കളിക്കുന്ന സൂപ്പര്‍ താരം റൊണാള്‍ഡോയുടെയും പെപ്പെയുടേയും വിടവാങ്ങലിനും മത്സരം വേദിയായി. തോല്‍വിക്ക് പിന്നാലെ പൊട്ടിക്കരഞ്ഞാണ് പെപ്പെ കളംവിട്ടത്. മൈതാനത്ത് വിതുമ്പിയ പെപ്പെയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന റൊണാള്‍ഡോയുടെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സമൂഹമാധ്യത്തില്‍ വൈറലാണ്.
മത്സരത്തിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പെപ്പെ.’റൊണാള്‍ഡോയുടെ ആ കെട്ടിപ്പിടുത്തം ഒരുപാട് കാര്യങ്ങള്‍ അര്‍ത്ഥമാക്കുന്നുണ്ട്. ഞങ്ങള്‍ സഹോദരങ്ങളെപോലെയാണ്. ഇത് ശരിയായ സമയമല്ല. കാരണം ഈ പരാജയം വളരെ വേദനിപ്പിക്കുന്നുണ്ട്. ഭാവിയെ കുറിച്ച് ചിന്തിക്കുന്നതിന് മുന്‍പ് ഈ വേദനയിലൂടെയും ദുഃഖത്തിലൂടെയും കടന്നുപോവേണ്ടതുണ്ട്’, പെപ്പെ പറഞ്ഞു.
‘രാജ്യത്തിന് വേണ്ടി വിജയിക്കുക മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ആരാധകര്‍ക്ക് സന്തോഷം നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. നിര്‍ഭാഗ്യവശാല്‍ ഫുട്ബോള്‍ അങ്ങനെയും കൂടിയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിജയിച്ചു. ഇന്ന് ഞങ്ങള്‍ പരാജയപ്പെട്ടു. സാഹചര്യം അംഗീകരിച്ച് സഹതാരങ്ങള്‍ക്ക് ശക്തി പകരേണ്ടതുണ്ട്’, പെപ്പെ കൂട്ടിച്ചേര്‍ത്തു.