#Crime #kerala #Top News

‘ബോംബ് വെച്ച് തകര്‍ക്കും’, സിനിമാസ്‌റ്റൈലില്‍ പിറന്നാളാഘോഷം മുടക്കിയതിന് പോലീസിന് ഗുണ്ടയുടെ ഭീഷണി

തൃശ്ശൂര്‍: തേക്കിന്‍കാട് മൈതാനത്ത് സിനിമാസ്‌റ്റൈലില്‍ പിറന്നാളാഘോഷം നടത്താനുള്ള പദ്ധതി പോലീസ് പൊളിച്ചടുക്കിയതിന് പിന്നാലെ ബോംബ് ഭീഷണിയുമായി തൃശ്ശൂരിലെ ഗുണ്ട തീക്കാറ്റ് സാജന്‍. തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനും കമ്മീഷണര്‍ ഓഫീസും ബോംബ് വെച്ച് തകര്‍ക്കുമെന്നാണ് തീക്കാറ്റ് സാജന്‍ ഭീഷണി മുഴക്കിയത്.

Also Read ; പക്ഷിപ്പനി; 2025 മാര്‍ച്ച് വരെ നീരീക്ഷണ മേഖലകളില്‍ പക്ഷികളുടെ വില്‍പ്പനക്കും കടത്തിനും നിരോധനം; സര്‍ക്കാര്‍ ഫാമുകള്‍ അടച്ചിടും

തൃശ്ശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്കായിരുന്നു ഇയാളുടെ ഭീഷണി ഫോണ്‍കോള്‍. ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിച്ച് പ്രതിയുടെ ലൊക്കേഷന്‍ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം. ഇയാള്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന.

ഞായറാഴ്ച വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സാജനും കൂട്ടാളികളും തേക്കിന്‍കാട് മൈതാനത്ത് കേക്ക് മുറിച്ച് പിറന്നാളാഘോഷം നടത്താന്‍ പദ്ധതിയിട്ടിരുന്നു. ‘ആവേശം’ സിനിമാ മോഡലില്‍ തേക്കിന്‍കാട് മൈതാനത്ത് പിറന്നാളാഘോഷം നടത്താനും ഇത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനുമായിരുന്നു തീക്കാറ്റ് സാജന്റെ കുട്ടിഫാന്‍സിന്റെ പദ്ധതി. എന്നാല്‍, കൃത്യസമയത്ത് പോലീസ് ഇടപെട്ടതോടെ ആഘോഷം മുടങ്ങി. പിറന്നാള്‍ കേക്കുമായി കാത്തിരുന്ന സംഘത്തെ പോലീസ് കൈയോടെ പിടികൂടുകയും ചെയ്തു. 32 പേരാണ് സാജന്റെ പിറന്നാള്‍ ആഘോഷിക്കാനായി തേക്കിന്‍കാട് മൈതാനത്ത് ഒത്തുകൂടിയത്. ഇതില്‍ 17 പേരും പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

കേക്കുമായി കാത്തിരിക്കുന്നവര്‍ക്കിടയിലേക്ക് ‘മാസ് എന്‍ട്രി’യോടെ വരാനും തുടര്‍ന്ന് യുവാക്കള്‍ക്കിടയില്‍ കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കാനുമായിരുന്നു സാജന്റെയും കൂട്ടരുടെയും പദ്ധതി. എന്നാല്‍, തേക്കിന്‍കാട് മൈതാനത്ത് യുവാക്കള്‍ ഒത്തുകൂടിയത് പോലീസ് മണത്തറിഞ്ഞു. പിന്നാലെ നാല് ജീപ്പുകളിലായി സിറ്റി പോലീസ് ഷാഡോ സംഘവും തൃശ്ശൂര്‍ ഈസ്റ്റ് പോലീസും സ്ഥലത്തെത്തി കുട്ടി ഫാന്‍സിനെ വളഞ്ഞു. ഗുണ്ടയുടെ മാസ് എന്‍ട്രിക്ക് തൊട്ടുമുന്‍പായിരുന്നു പോലീസിന്റെ അതിലും വലിയ എന്‍ട്രി. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന ഫാന്‍സുകാരെയെല്ലാം പോലീസ് പൊക്കി. ഇതിനിടെ പോലീസ് പരിപാടി പൊളിച്ചതറിഞ്ഞ് ഗുണ്ട തീക്കാറ്റ് സാജന്‍ ആഘോഷത്തിന് എത്താതെ മുങ്ങുകയുംചെയ്തു.

പിടിയിലായ പ്രായപൂര്‍ത്തിയാകാത്ത 17 പേരേയും രക്ഷിതാക്കളെ വിളിച്ചു വരുത്തി വിട്ടയച്ചു. ഇവരില്‍ പ്ലസ്ടു വിദ്യാര്‍ഥികളുമുണ്ട്. ബാക്കി 15 പേരുടെ പേരില്‍ കേസെടുത്ത ശേഷം വിട്ടു.

Leave a comment

Your email address will not be published. Required fields are marked *