അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ 100 മണിക്കൂര്‍ പിന്നിട്ടു; അപകടസ്ഥലം സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി
ബെംഗളൂരു : ഉത്തരകന്നഡയിലെ അങ്കോലയ്ക്കടുത്ത് കുന്നിടിഞ്ഞുവീണതിനെ തുടര്‍ന്ന് ലോറിയടക്കം കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ 100 മണിക്കൂര്‍ പിന്നിട്ടു. റഡാര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു. പ്രദേശത്ത് ഇപ്പോള്‍ മണ്ണ് നീക്കം ചെയ്തുള്ള പരിശോധനയാണ് തുടരുന്നത്. കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി അപകടസ്ഥലത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ ഇവിടേക്ക് എത്തിയേക്കും.
Also Read ; ഗായത്രിപ്പുഴയില്‍ നാലുപേര്‍ അകപ്പെട്ട അതേസ്ഥലത്ത് വീണ്ടും അപകടം; കുട്ടികളെ രക്ഷപ്പെടുത്തി
റഡാര്‍ ഉപയോഗിച്ചുള്ള തിരച്ചിലില്‍ മൂന്ന് സ്ഥലത്ത് നിന്നായി സിഗ്നല്‍ ലഭിച്ചിരുന്നു. എന്നാലിത് അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടേതാണെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. മണ്ണിനിടയില്‍ നാല് മീറ്റര്‍ താഴ്ച വരെ പരിശോധന നടത്താന്‍ ശേഷിയുള്ള റഡാറാണ് ഉപയോഗിതച്ചുവരുന്നത്.എന്നാല്‍ അങ്കോലിയിലെ സാഹചര്യത്തില്‍ ഇത് രണ്ടരമീറ്റര്‍ വരെ മാത്രമേ സാധ്യമാവുന്നുള്ളൂ, ഇതിനു തന്നെ നിരപ്പായ സ്ഥലം ആവശ്യമാണ്.

പ്രദേശത്ത് നിലവില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതുകൊണ്ട് തന്നെ മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുന്നുണ്ട്. എട്ടു മണ്ണുമാന്തി യന്ത്രങ്ങളും എഴുപതിലധികം രക്ഷാപ്രവര്‍ത്തകരും സ്ഥലത്തുണ്ട്. അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. അതേസമയം മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് നിന്ന് ഇപ്പോഴും വെള്ളം കുത്തിയൊലിച്ച് വരുന്നുണ്ട്.ഇതും രക്ഷാപ്രവര്‍ത്തനത്തിന് വില്ലനാകുന്നുണ്ട്. കൂടാതെ പ്രദേശത്ത് വീണ്ടും മണ്ണിടിയാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































