‘ആര്‍ഡിഎക്‌സ്’ സംവിധായകനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍
കൊച്ചി : ആര്‍ഡിഎക്‌സ് സിനിമയുടെ സംവിധായകനില്‍ നിന്നും ഒരു കോടി രൂപയിലേറെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍. സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയാണ് കോടതിയെ സമീപിച്ചത്. കരാര്‍ ലംഘനം ആരോപിച്ച ആര്‍.ഡി.എക്‌സ് സിനിമയുടെ സംവിധായകന്‍ നഹാസിന് എറണാകുളം സബ് കോടതി സമന്‍സ് അയച്ചിട്ടുണ്ട്. എന്നാല്‍ സമന്‍സ് ലഭിച്ചിട്ടില്ലെന്നാണ് നഹാസിന്റെ പ്രതികരണം.
Also Read ; ട്രെയിന്‍ വരുന്നതുകണ്ട് റെയില്‍ പാലത്തില്‍ നിന്ന് നാലുപേര്‍ പുഴയില്‍ ചാടി; തിരച്ചില്‍
ആര്‍ഡിഎക്‌സ് സിനിമ സംവിധാനം ചെയ്യാന്‍ നവാഗതനായ നഹാസിന് 15 ലക്ഷം രൂപ നല്‍കാമെന്നും രണ്ടാമത്തെ സിനിമയും ഇതേ നിര്‍മാണ കമ്പനിക്ക് വേണ്ടിയാകണമെന്നും കരാറില്‍ ഉണ്ടായിരുന്നു. കരാര്‍ പ്രകാരം 15 ലക്ഷം രൂപ നഹാസിന് നല്‍കി. ചിത്രം റിലീസ് ചെയ്തതിനുശേഷം രണ്ടാമത്തെ സിനിമക്കുള്ള അഡ്വാന്‍സായി 40 ലക്ഷം രൂപയും, പ്രിപ്രൊഡക്ഷന്‍ ജോലികള്‍ക്കായി നാല് ലക്ഷത്തി എണ്‍പത്തിരണ്ടായിരം രൂപയും നല്‍കിയെന്നും ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍ പെട്ടെന്നൊരു ദിവസം പുതിയ പ്രോജക്ടില്‍ നിന്നും പിന്മാറുകയാണെന്ന് നഹാസ് അറിയിച്ചുവെന്നാണ് നിര്‍മാതാക്കളുടെ ആരോപണം. പലതവണ സിനിമ തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും നഹാസ് വഴങ്ങിയില്ല. തുടര്‍ന്നാണ് വാങ്ങിയ തുകയും, 50 ലക്ഷം നഷ്ടപരിഹാരവുമടക്കം ഒരുകോടിലേറെ രൂപ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം