#kerala #Top News

കിഫ്ബിക്ക് കടിഞ്ഞാണിടാന്‍ ധനവകുപ്പ്

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയും വായ്പ പരിധിയിലെ കേന്ദ്രത്തിന്റെ വെട്ടലിനും പിന്നാലെ കിഫ്ബിയുടെ വായ്പയെടുക്കലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി ധനവകുപ്പ് .കിഫ്ബി എടുത്ത വായ്പകള്‍ സംസ്ഥാനത്തിന്റെ പൊതുവായ്പ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് വഴി കടമെടുപ്പ് പരിധി ചുരുങ്ങുന്നതില്‍ ധന വകുപ്പിന് അതൃപ്തിയുണ്ട്. സംസ്ഥാനത്തിന്റെ പ്രധാന വരുമാനമാര്‍ഗമായ കടമെടുപ്പില്‍ നിയന്ത്രണങ്ങള്‍ വന്നതോടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിഹിതത്തില്‍ കുറവ് വരുകയാണ്. ഇതിന് പിന്നാലെയാണ് ‘ക്ഷേമത്തിനാണ് മുന്‍ഗണന’ എന്ന് വിലയിരുത്തലില്‍ കിഫ്ബിക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ധനവകുപ്പ് ആലോചന സജീവമാക്കിയത്. പുതിയ വായ്പകള്‍ തല്‍ക്കാലം വേണ്ടെന്നാണ് കിഫ്ബിക്കുള്ള നിര്‍ദേശം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ പരാജയത്തിന്റെ പാപഭാരം ധനവകുപ്പിന്റെ തലയില്‍ കെട്ടിവെക്കാന്‍ സി.പി.എമ്മില്‍ ഒരു വിഭാഗം ശ്രമിച്ചിരുന്നു. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതടക്കം ഇതിനു കാരണമായി ചൂണ്ടിക്കാട്ടി. എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ചെലവഴിച്ചതിനെക്കാള്‍ തുക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടാം സര്‍ക്കാരിലെ മൂന്നുവര്‍ഷം കൊണ്ട് ചെലവഴിച്ചുവെന്ന് കണക്കുകള്‍ സഹിതം എണ്ണിപ്പറഞ്ഞ് വാര്‍ത്തസമ്മേളനം നടത്തിയായിരുന്നു ധനമന്ത്രി പരോക്ഷ മറുപടി നല്‍കിയത്.

Also Read ; ഗര്‍ഭധാരണം ജോലിനിഷേധത്തിന് കാരണമാകരുത്; ഡല്‍ഹി ഹൈക്കോടതി

ധനകാര്യ നയങ്ങളുടെ പേരില്‍ ധനവകുപ്പും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയൂമായ കെ.എം. എബ്രഹാമും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. കിഫ്ബി സി. ഇ.ഒ കൂടിയാണ് കെ.എം. എബ്രഹാം. സംസ്ഥാനത്തിന്റെ വായ്പ പരിധി വെട്ടിക്കുറച്ച വിഷയത്തില്‍ കേന്ദ്രത്തിനെതിരെ രാഷ്ട്രീയവും ഫെഡറല്‍ മൂല്യങ്ങളില്‍ ഉറച്ചുനിന്നുള്ള നിയമപരമായ തുടര്‍നടപടികളും തുടരുമെന്നതായിരുന്നു സര്‍ക്കാര്‍ നയം. സുപ്രീം കോടതിയെ സമീപിക്കുന്നതിനോട് തുടക്കത്തില്‍ ധനവകുപ്പിന് താല്‍പര്യമുണ്ടായിരുന്നില്ല.

കേന്ദ്ര ധനമന്ത്രാലയവുമായി അനുനയനീക്കം നടത്തി സംസ്ഥാനത്തിന്റെ ആവശ്യങ്ങളില്‍ നീക്കുപോക്കുണ്ടാക്കാനുള്ള ധനവകുപ്പ് പരിശ്രമങ്ങള്‍ നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കെയാണ് തിരക്കിട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നാണ് ഇതിനുള്ള നിര്‍ദേശമെത്തിയതെന്നാണ് വിവരം. സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി നിശ്ചയിക്കുന്ന ഭരണഘടന 293-ാം അനുച്ഛേദം ചോദ്യം ചെയ്തുള്ള നിയമവ്യവഹാരം ഇതാദ്യമാണ്.

Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *