ദുരന്തഭൂമിയിലേക്ക് അവശ്യവസ്തുക്കള്‍ എത്തിക്കണം, ബന്ദിപ്പൂര്‍ വഴിയുള്ള രാത്രി യാത്ര അനുവദിക്കണം ; ആവശ്യം തള്ളി കേന്ദ്രം

ഡല്‍ഹി: ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള ദേശീയപാത 766ലെ രാത്രി യാത്രയുടെ നിരോധനത്തില്‍ ഇളവ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം. വയനാട്ടിലെ ദുരന്തഭൂമിയിലേക്ക് അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ആളുകള്‍ക്ക് എത്തുന്നതിനുമാണ് നിരോധനത്തില്‍ ഇളവ് അനുവദിക്കണമെന്ന് രാജ്യസഭാംഗം ഹാരീസ് ബീരാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യമാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് തള്ളിയത്.
Also Read ; മൂന്ന് ദിവസത്തേക്ക് വയനാട്ടില്‍ സൗജന്യ പാക്കേജ് പ്രഖ്യാപിച്ച് എയര്‍ടെല്‍
നിലവില്‍ കോഴിക്കോട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍നിന്ന് വയനാട്ടിലേക്കുള്ള യാത്രക്ക് സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനാലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധനങ്ങള്‍ കൊണ്ടുവരാന്‍ ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്ര അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഹാരിസ് ബീരാന്‍ ആവശ്യപ്പെട്ടത്. പക്ഷേ, കടുവാസങ്കേതത്തിലൂടെയുള്ള രാത്രി യാത്ര മൃഗങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും അതുകൊണ്ട് ഇളവ് അനുവദിക്കാനാകില്ലെന്നും മന്ത്രി ഭുപേന്ദ്ര യാദവ് അറിയിക്കുകയായിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഉരുള്‍പൊട്ടലുണ്ടായ വയനാട് മുണ്ടക്കൈയില്‍ കാണാതായവര്‍ക്കായി മൂന്നാം ദിവസവും തിരച്ചില്‍ തുടരുകയാണ്. പ്രദേശത്ത് മനുഷ്യര്‍ ജീവനോടെ കുടുങ്ങിയിട്ടുണ്ടോയെന്നറിയാന്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ത്രീഡി തെര്‍മല്‍ ഇമേജിംഗ് പരിശോധന ഉള്‍പ്പെടെയാണ് നടക്കുന്നത്. അട്ടമല ഉള്‍പ്പെടെ അഞ്ച് പോയിന്റുകള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് തിരച്ചില്‍. ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുളള മന്ത്രി തല യോഗം പൂര്‍ത്തിയായി. തിരച്ചില്‍ പൂര്‍ത്തിയാകുന്നത് വരെ മന്ത്രിമാര്‍ വയനാട്ടില്‍ തുടരാന്‍ തീരുമാനമായി. പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍, ഒ ആര്‍ കേളു, കെ രാജന്‍ എന്നീ മന്ത്രിമാരാണ് തുടരുക.