വനിതാ ഡോക്ടറുടെ കൊലപാതകം ; ഐഎംഎയുടെ 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു

ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ 24 മണിക്കൂര്‍ സമരം ആരംഭിച്ചു. വനിതാ ഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്. ശനിയാഴ്ച രാവിലെ 6 മണിക്കാരംഭിച്ച സമരം ഞായറാഴ്ച രാവിലെ 6 മണിക്കാണ് അവസാനിക്കുക. സര്‍ക്കാര്‍ ആശുപത്രികളിലേയും മെഡിക്കല്‍ കോളേജിലേയും ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കും.
പ്രധാനമായും മൂന്ന് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഐഎംഎയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്നത്. ഡോക്ടറുടെ കൊലപാതകത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണം, ആശുപത്രികള്‍ പ്രത്യേക സുരക്ഷിത മേഖലയാക്കണം, ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ചട്ടങ്ങളില്‍ ഭേദഗതികള്‍ വരുത്തണം എന്നിവയാണ് സംഘടന ആവശ്യപ്പെടുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അതേസമയം സമരത്തിന്റെ പശ്ചാത്തലത്തില്‍ ഒപി പൂര്‍ണമായും ഡോക്ടര്‍മാര്‍ ബഹിഷ്‌കരിക്കും. എന്നാല്‍ അഡ്മിറ്റ് ചെയ്ത രോഗികള്‍ക്കുള്ള ചികിത്സയും ആവശ്യ സേവനങ്ങളും നിലനിര്‍ത്തും. അത്യാഹിത വിഭാഗങ്ങള്‍ സാധാരണപോലെ പ്രവര്‍ത്തിക്കുമെന്നും ഐഎംഎ അറിയിച്ചു.കെജിഎംഒഎ, കെജിഎംസിടിഎ, എംപിജെഡിഎ തുടങ്ങിയ സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്തു പ്രതിഷേധിക്കും. കഴിഞ്ഞ ദിവസം പ്രതിഷേധത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം ഭാഗികമായി തടസ്സപ്പെട്ടു. ഡോക്ടര്‍ കൂട്ടത്തോടെ ഒപി, വാര്‍ഡ് ഡ്യൂട്ടികള്‍ ബഹിഷ്‌കരിച്ചതോടെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം താളം തെറ്റി. ശ്രീ ചിത്ര, ആര്‍ സി സി തുടങ്ങിയ സ്ഥാപനങ്ങളെയും പണിമുടക്ക് ബാധിച്ചു.