ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ; പോലീസ് കേസുണ്ടാകില്ല, സിനിമ നയ രൂപീകരണത്തിന് കണ്‍സള്‍ട്ടന്‍സി രൂപീകരിക്കും

തിരുവനന്തപുരം: ഒട്ടനവധി വിവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ പുറത്തു വന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാനാകില്ലെന്ന് പോലീസ് പറഞ്ഞു. നാല് വര്‍ഷം മുമ്പ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ഏതെങ്കിലും ഒരു വ്യക്തിയെ കുറിച്ചോ അതിക്രമം നടന്ന സ്ഥലമോ സാഹചര്യമോ ഒന്നും റിപ്പോര്‍ട്ടിലില്ലെന്ന് വിലയിരുത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് നിലവില്‍ പോലീസ് ആസ്ഥാനത്തെ രഹസ്യ സെക്ഷനിലേക്ക് മാറ്റി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമപരമായ തുടര്‍ നടപടികള്‍ ഒന്നും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല എങ്കിലും സിനിമ മേഖലയിലും പൊതുസമൂഹത്തിലും വലിയ ചര്‍ച്ചകള്‍ക്കാണ് റിപ്പോര്‍ട്ട് തുടക്കം ഇട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ചലച്ചിത്ര മേഖലയിലെ നീതി നിഷേധങ്ങള്‍ തടയാന്‍ സ്വതന്ത്ര സംവിധാനം വേണം എന്നതടക്കം നിര്‍ദേശങ്ങള്‍ അവഗണിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞേക്കില്ല.
അതേസമയം സംസ്ഥാനത്ത് സിനിമ നയ രൂപീകരണത്തിന് കണ്‍സള്‍ട്ടന്‍സി ഉണ്ടാക്കാന്‍ സാംസ്‌കാരിക വകുപ്പ് ഒരു കോടി രൂപ അനുവദിച്ചു. സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് വിവരങ്ങള്‍ ശേഖരിക്കാനാണ് പുതിയ കണ്‍സള്‍ട്ടന്‍സി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നടപടി. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനാണ് തുക ആവശ്യപ്പെട്ടത്. ഈ മാസം അഞ്ചിനാണ് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ എംഡി മന്ത്രി സജി ചെറിയാന്‍ ഇതുസംബന്ധിച്ച കത്ത് നല്‍കിയത്. തുടര്‍ന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ തുക അനുവദിക്കുകയായിരുന്നു.