October 16, 2025
#kerala #Movie #Top Four

വേട്ടക്കാരെ സംരക്ഷിക്കാന്‍ ഇറങ്ങിയ സജി ചെറിയാന്‍ രാജിവെക്കണമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് സജി ചെറിയാന്‍ രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതില്‍ പിന്നെ വേട്ടക്കാരെ സംരക്ഷിക്കുന്ന മനോഭാവമാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി ചെയ്തത്. ഇത് ചൂണ്ടികാട്ടിയാണ് സജി ചെറിയാന്‍ രാജിവെക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടത്. അതോടൊപ്പം റിപ്പോര്‍ട്ടിന് പിന്നാലെയുള്ള ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സംവിധായകന്‍ രഞ്ജിത്തും സിദ്ദിഖും തല്‍സ്ഥാനങ്ങളില്‍ നിന്നും രാജിവെച്ചിരുന്നു. ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും സതീശന്‍ പറഞ്ഞു.

Also Read ; മലേഷ്യയില്‍ റോഡരികിലെ കുഴിയില്‍ വീണു ; 48കാരിയായ ഇന്ത്യക്കാരിയെ കാണാനില്ല

അക്കാദമി ചെയര്‍മാനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കുകയും പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടുകയും വേട്ടക്കാരെ സംരക്ഷിക്കാന്‍ ഇരകളെ തള്ളിപ്പറയുകയും ചെയ്ത സജി ചെറിയാനും മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. സാംസ്‌കാരിക മന്ത്രി പരസ്യമായി രംഗത്തിറങ്ങി വേട്ടക്കാരെ സംരക്ഷിക്കാന്‍ ശ്രമിച്ചത് കേരളത്തിന് തന്നെ അപമാനമാണ്. നിയമപരവും ഭരണഘടനാപരവുമായ ഉത്തരവാദിത്തം നിറവേറ്റാതെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സജി ചെറിയാന് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. സ്വമേധയാ രാജി വച്ചില്ലെങ്കില്‍ രാജി ചോദിച്ചുവാങ്ങാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

അതേസമയം രണ്ട് പേരുടെ രാജിയില്‍ പ്രശ്നങ്ങളൊക്കെ അവസാനിക്കുമെന്ന് സര്‍ക്കാര്‍ കരുതരുത്. പോക്സോ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നെന്ന് വ്യക്തമായിട്ടും നാലര വര്‍ഷം അത് മറച്ചുവച്ചതിലൂടെ മുഖ്യമന്ത്രിയും ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളിലെ സാംസ്‌കാരിക മന്ത്രിമാരും ഉദ്യോഗസ്ഥരും ഗുരുതര കുറ്റമാണ് ചെയ്തിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍ മേല്‍ അന്വേഷണം നടത്താന്‍ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള സംഘത്തെ അടിയന്തിരമായി ചുമതലപ്പെടുത്തണം. യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പ്രതികളെ സംരക്ഷിക്കാനും വേട്ടക്കാരെയും ഇരകളെയും ഒപ്പമിരുത്തിയുള്ള കോണ്‍ക്ലേവ് നടത്താനുമാണ് സര്‍ക്കാര്‍ ഇനിയും ശ്രമിക്കുന്നതെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *