ലൈംഗിക പീഡന പരാതി ; മുകേഷിന് താല്‍കാലിക ആശ്വാസം, സെപ്റ്റംബര്‍ 3 വരെ അറസ്റ്റ് പാടില്ലെന്ന് കോടതി
കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയ്ക്ക് താല്‍കാലിക ആശ്വാസം. എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. സെപ്റ്റംബര്‍ മൂന്ന് വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയില്‍ മരട് പോലീസാണ് മുകേഷിനെതിരെ കേസെടുത്തത്. ഈ സാഹചര്യത്തില്‍ ജാമ്യം തേടിയാണ് മുകേഷ് കോടതിയെ സമീപിച്ചത്.
ആരോപണത്തില്‍ കേസെടുത്തതോടെ മുകേഷ് എംഎല്‍എ സ്ഥാനത്ത് നിന്നും രാജിവെക്കണമെന്ന ആവശ്യം ശക്തമായി. മുകേഷ് രാജിവെച്ച് അന്വേഷണത്തെ നേരിടുന്നതാണ് ധാര്‍മ്മികതയെന്ന് സിപിഐയും അഭിപ്രായപ്പെട്ടു. രാജി ആവശ്യവും പ്രതിപക്ഷ പ്രതിഷേധവും ശക്തമായതോടെ മുകേഷിന്റെ വീടിന് മുന്നില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. കുമാരപുരത്തെ വീട് ശക്തമായ പോലീസ് സംരക്ഷണത്തിലാണ്.
വിഷയങ്ങള്‍ ഈ വിധത്തില്‍ കൈവിട്ടു പോയതോടെ മുകേഷ് ഇന്ന് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. പരാതിക്കാരി ഭീഷണിപ്പെടുത്തിയെന്നും പണം തട്ടാന്‍ ശ്രമിച്ചുവെന്നും മുകേഷ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇതിന്റെ തെളിവുകളും മുകേഷ് മുഖ്യമന്ത്രിക്ക് കൈമാറി.
അതേസമയം ബലാത്സംഗ കേസില്‍ മുകേഷ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചേക്കില്ലെന്നാണ് സൂചന. തന്റെ പക്കല്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന തെളിവുകള്‍ നിരത്തി നിയമപരമായി നേരിടാനാണ് മുകേഷിന് നിയമോപദേശം ലഭിച്ചത്. അതിനാല്‍ തല്‍ക്കാലം ഹൈക്കോടതിയെ സമീപിക്കില്ല.
Join with metropost :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..