January 22, 2025
#Top News

ജയിലില്‍ വീഡിയോ കോളും പുകവലിയും; കന്നഡ സൂപ്പര്‍താരം ദര്‍ശനെ ജയില്‍ മാറ്റി

ബെംഗളൂരു: കൊലക്കേസ് പ്രതിയായ കന്നഡ സൂപ്പര്‍ താരം ദര്‍ശന്‍ തൂഗുദീപയെ ജയില്‍ മാറ്റി. ബെംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ബെല്ലാരി ജയിലിലേക്കാണ് മാറ്റിയത്. പരപ്പന അഗ്രഹാര ജയിലിനുള്ളില്‍ വെച്ച് ദര്‍ശന്‍ പുകവലിക്കുന്നതിന്റെയും ആരാധകനുമായി വീഡിയോ കോള്‍ വിളിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ദര്‍ശനെ ജയില്‍ മാറ്റിയത്. ഗുരുതരമായ സുരക്ഷാവീഴ്ചയാണ് ജയില്‍ അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഏഴ് ജയില്‍ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി ആഭ്യന്തര വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Also Read ; ‘താരസംഘടനയിലെ കൂട്ടരാജി ഭീരുത്വമാണ്, മറുപടി പറയേണ്ട ഉത്തരവാതദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്’ : പാര്‍വതി തിരുവോത്ത്

കൊലപാതക കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രശസ്ത കന്നഡ സൂപ്പര്‍താരം പകല്‍ വെളിച്ചത്തില്‍ മറ്റ് മൂന്ന് പേര്‍ക്കൊപ്പം കറങ്ങി നടക്കുന്ന ഒരു ചിത്രം രണ്ട് ദിവസം മുമ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തുറസ്സായ ഗ്രൗണ്ടില്‍ പ്ലാസ്റ്റിക് കസേരകളില്‍ ഇരുന്നു പുല്‍ത്തകിടിയില്‍ സൗഹൃദ സംഭാഷണം നടത്തുന്നതാണ് ഫോട്ടോയില്‍ ഉള്ളത്. ദര്‍ശന്‍ വലതു കൈയില്‍ ഒരു കപ്പും മറ്റേ കൈയില്‍ സിഗരറ്റും പിടിച്ചാണ് ചിത്രത്തില്‍ കാണുന്നത്. ഗുണ്ടാസംഘ തലവന്‍ വില്‍സണ്‍ ഗാര്‍ഡന്‍, ദര്‍ശന്റെ മാനേജരും കേസിലെ പ്രതിയുമായ നാഗരാജ്, കുള്ള സീന എന്നിവരാണ് ദര്‍ശനൊപ്പം ചിത്രത്തിലുള്ളത്. ഇതോടെ ദര്‍ശന് ജയിലില്‍ വിഐപി പരിഗണനയില്‍ സുഖജീവിതമാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദര്‍ശനടക്കം 17 പേരാണ് ഇപ്പോള്‍ ജയിലിലുള്ളത്. ഇതില്‍ ദര്‍ശന്റെ സുഹൃത്തായ നടി പവിത്ര ഗൗഡയുമുണ്ട്. ദര്‍ശന്റെ ആരാധകനായ രേണുകസ്വാമി (33) പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതാണ് ദര്‍ശനെ പ്രകോപിപ്പിച്ചതെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ജൂണ്‍ 9 ന് സുമനഹള്ളിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിന് അടുത്തുള്ള അഴുക്കുചാലിലാണ് രേണുക സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *