ഒളിച്ചോടിയിട്ടില്ല, എഎംഎംഎ മാത്രമല്ല ഉത്തരം പറയേണ്ടത്, റിപ്പോര്‍ട്ട് സ്വാഗതാര്‍ഹം – മോഹന്‍ലാല്‍
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവാദങ്ങളില്‍ ആദ്യമായി പ്രതികരിച്ച് നടന് മോഹന്‍ലാല്‍. താന്‍ ഒളിച്ചോടിയിട്ടില്ലെന്നും കേരളത്തില്‍ ഇല്ലായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തെറ്റ് ചെയ്തിട്ടുള്ളവര്‍ ശിക്ഷിക്കപ്പെടണമെന്ന് പറഞ്ഞ മോഹന്‍ലാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമെന്നും വ്യക്തമാക്കി. നിലവിലെ വിവാദങ്ങള്‍ക്ക് ഉത്തരം പറയേണ്ടത് സിനിമാ മേഖല മുഴുവനാണ്. ഒരുമിച്ചാണ് മുന്നോട്ട് നീങ്ങേണ്ടത്. എല്ലാത്തിനും എഎംഎഎ അല്ല ഉത്തരം പറയേണ്ടതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാലിന്റെ വാക്കുകള്‍
1978-ലാണ് ആദ്യമായി അഭിനയിക്കുന്നത്. തിരുവനന്തപുരത്തെ വീടിന്റെ മുന്നിലാണ്. അതേ തിരുവനന്തപുരത്ത് വെച്ച് ഞാന്‍ ഉള്‍പ്പെടുന്ന മേഖലയുടെ ദൗര്‍ഭാഗ്യമായ കാര്യത്തെക്കുറിച്ച് സംസാരിക്കേണ്ടി വരുന്നതില്‍ വിഷമം ഉണ്ട്. എന്റെ ശരിയും യുക്തിയും ബുദ്ധിയിലുമാണ് ഞാന്‍ സംസാരിക്കുന്നത്. മോഹന്‍ലാല്‍ ഒളിച്ചോടിയിട്ടില്ല. കേരളത്തില്‍ ഇല്ലായിരുന്നു. ഭാര്യയുടെ സര്‍ജറിയുമായി ബന്ധപ്പെട്ട് പുറത്തായിരുന്നു.
സിനിമ സമൂഹത്തിന്റെ ഭാഗം. മറ്റെല്ലാ ഭാഗത്തും സംഭവിക്കുന്നത് സിനിമയിലും സംഭവിക്കുന്നു. ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതല്ല. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹം. രണ്ട് തവണ കമ്മിറ്റിയുടെ മുന്നില്‍ പോയിട്ടുണ്ട്. എന്റെ ശരികള്‍ പറഞ്ഞു. മൊത്തം സിനിമയെക്കുറിച്ചാണ് ചോദിച്ചത്. അതിനെപ്പറ്റി പറയാന്‍ പറ്റില്ല. അറിയുന്ന കാര്യങ്ങള്‍ പറഞ്ഞു.
‘എഎംഎംഎ’ എന്നത് ട്രേഡ് യൂണിയന് സ്വഭാവമുള്ള അസോസിയേഷന് അല്ല. കുടുംബം പോലെയാണ്. അവരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനുള്ള വൈമുഖ്യം അറിയിച്ചിരുന്നു. നിലവിലെ വിവാദങ്ങള്‍ക്ക് ഉത്തരം പറയേണ്ടത് സിനിമാ മേഖല മുഴുവനാണ്. ഒരുമിച്ചാണ് മുന്നോട്ട് നീങ്ങേണ്ടത്. എല്ലാത്തിനും സംഘടനയല്ല ഉത്തരം പറയേണ്ടത്.
കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനുശേഷമാണ് മോഹന്‍ലാല്‍ മാധ്യമങ്ങളെ കണ്ടത്. റിപ്പോര്‍ട്ട് പുറത്തുവന്നശേഷം മോഹന്‍ലാലിന്റെ ആദ്യ പൊതുപരിപാടിയും കൂടിയായിരുന്നു തിരുവനന്തപുരത്ത് നടന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..