എസ് പി സുജിത് ദാസിനെതിരെ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പ്രാഥമിക അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: പത്തനംതിട്ട എസ് പി സുജിത് ദാസിനെതിരെയുള്ള പി വി അന്‍വറിന്റെ സ്വര്‍ണണക്കടത്ത് ആരോപണത്തില്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പ്രാഥമിക അന്വേഷണം ആരംഭിച്ചു. സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധമാണ് കോഴിക്കോട് വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിക്കുന്നതെന്നായിരുന്നു പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ സുജിത് ദാസ് സ്വര്‍ണ്ണക്കടത്ത് സംഘത്തിന് സഹായം നല്‍കിയിട്ടുണ്ടോ എന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്.
Also Read ; ആലപ്പുഴയിലെ നവജാത ശിശുവിന്റെ കൊലപാതകം ; കുഞ്ഞിനെ കൊലപ്പെടുത്തിയത് രതീഷ് ഒറ്റയ്‌ക്കെന്ന് പോലീസ്
അജിത് കുമാര്‍, സുജിത് ദാസ്, ഡാന്‍സാഫ് കസ്റ്റംസ് ഇവരെല്ലാം ചേര്‍ന്ന ഗ്രൂപ്പുണ്ട് എന്നും ആരോപണങ്ങള്‍ അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയിരുന്നു. സുജിത് ദാസ് മുന്‍പ് കസ്റ്റംസില്‍ ഉദ്യോഗസ്ഥനായിരുന്നു. ദുബായില്‍ നിന്ന് വരുന്ന സ്വര്‍ണം വരുമ്പോള്‍ സുജിത് ദാസിന് വിവരം കിട്ടും. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്‌കാനിങ്ങില്‍ സ്വര്‍ണം കണ്ടെത്തിയാലും കണ്ടതായി നടിക്കില്ല. പകരം ഇവര്‍ പുറത്തിറങ്ങുമ്പോള്‍ പോലീസിന് വിവരം കൈമാറും. പോലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടും. എന്നിട്ട് പിടിച്ചെടുക്കുന്ന സ്വര്‍ണത്തിന്റെ 50, 60 ശതമാനം സ്വര്‍ണം ഇവര്‍ കൈക്കലാക്കും. ഇതാണ് രീതിയെന്നും പി വി അന്‍വര്‍ ആരോപിച്ചിരുന്നു.
അതേസമയം, പി വി അന്‍വറിന്റെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണത്തില്‍ അന്വേഷണത്തിന് സംഘത്തെ പ്രഖ്യാപിച്ചുള്ള ഉത്തരവിന് മുഖ്യമന്ത്രി ഉത്തരവിറക്കിയിരുന്നു. തിങ്കളാഴ്ചയാണ് അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചത്. ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. ഷെയ്ക് ദര്‍വേഷ് സാഹിബ് (ഡിജിപി), ജി സ്പര്‍ജന്‍ കുമാര്‍ (ഐജിപി, സൗത്ത് സോണ്‍ & സിപി, തിരുവനന്തപുരം സിറ്റി), തോംസണ്‍ ജോസ് (ഡിഐജി, തൃശൂര്‍ റേഞ്ച്), എസ്. മധുസൂദനന്‍ (എസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ ഷാനവാസ് (എസ്പി, എസ്എസ്ബി ഇന്റലിജന്‍സ്, തിരുവനന്തപുരം) എന്നിവരടങ്ങുന്ന സംഘമാണ് രൂപീകരിക്കുക.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..