എഡിജിപി ആര്‍എസ് നേതാവിനെ കണ്ടത് വിഡി സതീശന് വേണ്ടി, കുടുങ്ങുമെന്നായപ്പോള്‍ മുഖ്യമന്ത്രിയുടെ മേല്‍ ചാര്‍ത്തുകയാണ്: പിവി അന്‍വര്‍

മലപ്പുറം: ‘പുനര്‍ജനി’ കേസില്‍ കുടുങ്ങുമെന്നായപ്പോള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയന് മേല്‍ ആര്‍എസ്എസ് ബന്ധം ചാര്‍ത്തുകയാണെന്ന് പി വി അന്‍വര്‍ എംഎല്‍എ.
‘പുനര്‍ജനി കേസില്‍ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിക്ക് മേല്‍ സതീശന്‍ ആര്‍എസ്എസ് ബന്ധം ആരോപിക്കുന്നത്. എഡിജിപി എം ആര്‍ ആജിത് കുമാറുമായി പ്രതിപക്ഷ നേതാവിന് ബന്ധമുണ്ട്. അജിത് കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടത് പ്രതിപക്ഷ നേതാവിന് വേണ്ടിയാണെന്നും’ പി വി അന്‍വര്‍ ആരോപിച്ചു. ‘അജിത് കുമാറിന് ആര്‍എസ്എസ് ബന്ധമുണ്ടെന്ന് ആരോപിച്ചുള്ള വാര്‍ത്താസമ്മേളനം വി ഡി സതീശന്‍ വിളിക്കുന്നതിന് തൊട്ടുമുന്‍പ് ആ വിവരം തനിക്ക് ലഭിച്ചു. ഇക്കാര്യം അജിത് കുമാറിന്റെ സൈബര്‍ സംഘം അറിഞ്ഞു. ഇതിന് ശേഷം പ്രതിപക്ഷ നേതാവും എം ആര്‍ അജിത് കുമാറും ചര്‍ച്ച നടത്തിയെന്നും’ പി വി അന്‍വര്‍ എംഎല്‍എ പറഞ്ഞു.
‘പുനര്‍ജനി കേസില്‍ ഇഡി അന്വേഷണം നടത്തിയാല്‍ കുടുങ്ങുമെന്ന് വി ഡി സതീശനറിയാം. ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളാണ് സതീശന്‍ നടത്തുന്നത്. കേസില്‍ സതീശനെ സഹായിക്കാമെന്നുള്ള ധാരണ മുന്‍പേയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപിക്കനുകൂലമായ ഫലം ഇതിന് തെളിവാണ്. മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വോട്ട് കുറഞ്ഞിട്ടില്ല. വോട്ട് പൂര്‍ണമായും പോയത് കോണ്‍ഗ്രസില്‍ നിന്നണ്. പുനര്‍ജനി കേസില്‍ ഇ ഡി അന്വേഷണത്തിന് വി ഡി സതീശന്‍ തയ്യാറാകണം. പണം തട്ടിപ്പ് നടത്തിയിട്ടില്ലെങ്കില്‍ താന്‍ കളവ് നടത്തിയിട്ടില്ലെന്ന് എഴുതി നല്‍കണം. വി ഡി സതീശനെ വെല്ലുവിളിക്കുകയാണെന്നും’ പി വി അന്‍വര്‍ പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..