September 20, 2024
#india #Top Four

‘പ്രധാനമന്ത്രിയോട് വെറുപ്പില്ല, സഹതാപം മാത്രമാണുള്ളത്, മോദിയുടെ കാഴ്ചപ്പാടുകളോട് വിയോജിക്കുന്നു’ : രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയോട് വെറുപ്പില്ലെന്നും സഹതാപം മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ വാഷിങ്ടണ്‍ ഡിസിയിലെ ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ സംസാരിക്കുന്നതിനിടെയാണ് രാഹുലിന്റെ പ്രതികരണം.മോദിയോട് വിദ്വേഷമൊന്നുമില്ല. തന്റെ കാഴ്ചപ്പാടില്‍ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടാണ് മോദിയുടേതെന്നും അതിനോട് വിയോജിക്കുന്നുവെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

Also Read ; ‘പി കെ ശശിയുടെ ഭാഗത്ത് നിന്നും ഉണ്ടായത് നീച പ്രവൃത്തി’, രൂക്ഷ വിമര്‍ശനവുമായി എം വി ഗോവിന്ദന്‍

‘നിങ്ങള്‍ ആശ്ചര്യപ്പെടും, പക്ഷെ യഥാര്‍ത്ഥത്തില്‍ ഞാന്‍ മോദിയെ വെറുക്കുന്നില്ല. വാസ്തവത്തില്‍ പല നിമിഷങ്ങളില്‍ എനിക്ക് അദ്ദേഹത്തോട് സഹതാപം തോന്നിയിട്ടുണ്ട്. എന്നാല്‍ മോദി എന്റെ ശത്രുവാണെന്ന് കരുതുന്നില്ല. അദ്ദേഹത്തിന് പല തരത്തിലുള്ള കാഴ്ചപ്പാടുകളുണ്ട്, എനിക്കും പലതരത്തിലുള്ള കാഴ്ചപ്പാടുകളുണ്ട്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനോട് വിയോജിക്കുന്നു. മോദിയുടെ പ്രവര്‍ത്തികളില്‍ സഹാനുഭൂതിയും അനുകമ്പയുമാണുള്ളത്’, രാഹുല്‍ ഗാന്ധി പറഞ്ഞു.

ആര്‍എസ്എസ് ചില സംസ്ഥാനങ്ങളും ഭാഷകളും മതങ്ങളും സമുദായങ്ങളും മറ്റുചിലതിനേക്കാള്‍ താഴെയാണെന്നാണ് കരുതുന്നത്. അത് ആര്‍എസ്എസിന്റെ ആശയമാണ്. അതിനെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നും രാഹുല്‍ പറഞ്ഞു. തൊഴില്‍ ശക്തിയില്‍ ഇന്ത്യയിലെ സ്ത്രീകളുടെ പങ്കാളിത്തത്തെ കുറിച്ചും രാഹുല്‍ ഗാന്ധി സംസാരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയെ കുറിച്ചോര്‍ത്തുള്ള ഭയം ഇല്ലാതായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് രാഹുല്‍ ഗാന്ധി യുഎസില്‍ എത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവിന്റെ ആദ്യത്തെ യുഎസ് സന്ദര്‍ശനമാണിത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *