#kerala #Top Four

അര്‍ജുന്റെ ലോറിയില്‍ മകന്റെ കളിപ്പാട്ടവും വാച്ചും,പാത്രങ്ങളും ; ഓര്‍മ്മകള്‍ ബാക്കിവെച്ച കണ്ണീര്‍ക്കാഴ്ചകള്‍

ഷിരൂര്‍: ഷിരൂരിലെ ഗംഗാവലി പുഴയില്‍ നിന്നും അര്‍ജുന്റെ ലോറി കരക്കെത്തിച്ചപ്പോള്‍ ബാക്കിയായി അര്‍ജുന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍. ബാഗ്,രണ്ട് ഫോണുകള്‍,പാചകത്തിനുപയോഗിക്കുന്ന കുക്കര്‍ ഉള്‍പ്പെടെയുള്ള പാത്രങ്ങള്‍, വാച്ച്, ചെരിപ്പുകള്‍ എന്നിവയാണ് ലോറിയില്‍ അവശേഷിച്ചത്.

Also Read ; തൃശൂരില്‍ പട്ടാപ്പകല്‍ സിനിമാസ്റ്റൈലില്‍ സ്വര്‍ണക്കവര്‍ച്ച ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

മകന്റെ കളിപ്പാട്ടവുമുണ്ടായിരുന്നു അര്‍ജുന്റെ ലോറിയില്‍. ഈ കളിപ്പാട്ടം ലോറിയില്‍ കാബിന് മുന്നില്‍ വെച്ചാണ് അര്‍ജുന്‍ യാത്ര ചെയ്തിരുന്നത്. മകന് വേണ്ടി അര്‍ജുന്‍ വാങ്ങി നല്‍കിയതായിരുന്നു ഇതെന്ന് അനിയന്‍ അഭിജിത്ത് പറഞ്ഞു. പിന്നീട് തിരികെ പോയപ്പോള്‍ ഈ കളിപ്പാട്ട വണ്ടിയും അര്‍ജുന്‍ കൂടെക്കൊണ്ടുപോയിരുന്നു. ഇത്തരം കുഞ്ഞുകളിപ്പാട്ടങ്ങളാണ് അര്‍ജുന്‍ മകന് വാങ്ങിക്കൊടുത്തിരുന്നത്.

ഇന്ന് രാവിലെയാണ് ഗംഗാവലി പുഴയില്‍ നിന്ന് ലോറി പൂര്‍ണ്ണമായി കരക്കെത്തിച്ചത്. ലോറി കരക്കെത്തിച്ച സമയത്ത് ലോറിയുടെ ക്യാബിനുള്ളില്‍ നിന്നും അസ്ഥികള്‍ കണ്ടെത്തിയിരുന്നു. കാബിന്റെ ഭാഗത്തുള്ള ചെളി നീക്കിയപ്പോഴാണ് അര്‍ജുന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ കിട്ടിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് അര്‍ജുന്റെ ശരീരഭാഗങ്ങളും ലോറിയും ഗംഗാവലി പുഴയില്‍ നിന്നും കണ്ടെത്തിയത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

അര്‍ജുന്റെ മൃതദേഹം നാളെ കുടുംബത്തിന് വിട്ടുനല്‍കും. മൃതദേഹത്തെ കര്‍ണാടക പോലീസും അനുഗമിക്കും. പോലീസ് സംരക്ഷണയോടെ ആയിരിക്കും കേരളത്തിലേക്കുള്ള യാത്ര. മൃതദേഹം എങ്ങനെ കൊണ്ടുപോകണം എന്ന കാര്യത്തില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമാകും. നാളെ ഉച്ചയോടെ ഡിഎന്‍എ പരിശോധനാ ഫലം എത്തും. എല്ലിന്റെ ഒരു ഭാഗമെടുത്താണ് മംഗളൂരു എഫ്എസ്എല്‍ ലാബിലേക്ക് അയച്ചിരിക്കുകയാണ്. കാര്‍വാര്‍ ആശുപത്രിയിലുള്ള മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് തന്നെ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രിയപ്പെട്ടതെല്ലാം ബാക്കിവെച്ച് പ്രിയപ്പെട്ടവരെ തനിച്ചാക്കി കണ്ണാടിക്കല്‍ വീട്ടിലേക്ക് ചേതനയറ്റ് തിരികെ വരാനൊരുങ്ങുകയാണ് അര്‍ജുന്‍.

 

Leave a comment

Your email address will not be published. Required fields are marked *