ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനില്‍ തര്‍ക്കം;പി ടി ഉഷയ്‌ക്കെതിരെ തിരിഞ്ഞ് അംഗങ്ങള്‍
ന്യൂഡല്‍ഹി: നിയമനത്തെച്ചൊല്ലി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനില്‍ തര്‍ക്കം. സി.ഇ.ഒ.യുടെ നിയമനത്തെച്ചൊല്ലിയാണ് തര്‍ക്കം.വ്യാഴാഴ്ച എക്സിക്യുട്ടീവ് കമ്മിറ്റിയില്‍ ഐ.ഒ.എ. അധ്യക്ഷ പി.ടി. ഉഷയും മറ്റംഗങ്ങളും രണ്ടുവിഭാഗങ്ങളായി നിന്നതായാണ് വിവരം.
ഐ.ഒ.എ.യുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി രഘുറാം അയ്യരെ നിയമിക്കാന്‍ ജനുവരിയില്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് അജയ് പട്ടേല്‍ ഉള്‍പ്പെടെ എക്സിക്യുട്ടീവ് കമ്മിറ്റിയിലെ 12 അംഗങ്ങള്‍ ഈ തീരുമാനത്തിന് എതിരാണ്. രഘുറാമിനു നല്‍കുന്ന ശമ്പളത്തെച്ചൊല്ലിയാണ് വലിയ തര്‍ക്കമുയരുന്നത്. നിയമനം അസാധുവാക്കണമെന്നും പുതിയ അപേക്ഷ ക്ഷണിക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. പക്ഷേ എതിര്‍ വിഭാഗം അജണ്ടയില്‍ ഉള്‍പ്പെടുത്തിയ 14 വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പി.ടി ഉഷയും അംഗീകരിച്ചില്ല. അതോടൊപ്പം പാരിസ് ഒളിമ്പിക്‌സില്‍ ചട്ടവിരുദ്ധമായി അധിക പണം ചെലവഴിച്ചതടക്കമുള്ള ഗുരുതര ആരോപണങ്ങളിലും അംഗങ്ങള്‍ അന്വേഷണം ആവശ്യപ്പെട്ടു.
അതേസമയം സി.ഇ.ഒ.യുടെ നിയമനം കമ്മിറ്റി അംഗീകരിച്ചതാണെന്നും അത് റദ്ദാക്കി നിയമന നടപടികള്‍ വീണ്ടും തുടങ്ങുന്നത് ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ബാധിക്കുമെന്നും ഐ.ഒ.എ അധ്യക്ഷ പി.ടി ഉഷ അഭിപ്രായപ്പെടുന്നു. 2036 ഒളിമ്പിക്സിന്റെ വേദി സ്വന്തമാക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങിയിട്ടുണ്ട്. ‘രണ്ടുവര്‍ഷത്തോളം നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് സി.ഇ.ഒയെ തിരഞ്ഞെടുത്തത്. ഇനി എല്ലാം ആദ്യംതൊട്ട് തുടങ്ങണമെന്നാണ് അംഗങ്ങള്‍ പറയുന്നത്. അത് അംഗീകരിക്കാനാകില്ല. ഐ.ഒ.എയെ ശരിയായ ദിശയിലെത്തിക്കാനാണ് തന്റെ ശ്രമം.” – ഉഷ പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രതിനിധി ജെറാം പോവി ഓണ്‍ലൈനായി യോഗത്തിലുണ്ടായിരിക്കെയാണ് ഐ.ഒ.എ അംഗങ്ങള്‍ ചേരിതിരിഞ്ഞത്. ഭരണസമിതിയുടെ അംഗീകാരമില്ലാതെ ഐ.ഒ.എ ജോയിന്റ് സെക്രട്ടറി കല്യാണ്‍ ചൗബെ തയ്ക്വാന്‍ഡോ അസോസിയേഷന് അംഗീകാരം നല്‍കിയതിനെതിരെ പ്രസിഡന്റ് പി.ടി. ഉഷ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.